കാബൂൾ: കാണ്ഡഹാറിലും കാബൂളിലും ഇന്നലെയുണ്ടായ പാക് വ്യോമാക്രമണത്തിൽ കുറഞ്ഞത് 15 അഫ്‌ഗാനികൾ കൊല്ലപ്പെടുകയും നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്പിൻ-ബോൾഡാക്കിലെ അതിർത്തി ഔട്ട്‌പോസ്റ്റുകൾ താലിബാൻ പ്രത്യാക്രമണത്തിൽ പിടിച്ചെടുത്തതിനെ തുടർന്നാണ് പാക് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ അതിർത്തി പോസ്റ്റുകൾ ഉപേക്ഷിച്ച് ഓടിയൊളിച്ച പാക് സൈനികരുടെ വസ്‌ത്രങ്ങളാണ് വിജയപാതകയായി താലിബാൻ പ്രദർശിപ്പിച്ചത്. ഡുറാൻഡ് ലൈനിന് സമീപമുള്ള സൈനിക പോസ്റ്റുകളിൽ പാക് സൈനികർ ഉപേക്ഷിച്ച വസ്ത്രങ്ങളും ആയുധങ്ങളും അഫ്‌ഗാനിലെ നാംഗ്രഹാർ പ്രവിശ്യയിലാണ് താലിബാൻ പ്രദർശിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇതിനിടെ, താലിബാൻ പാക് സൈനിക ടാങ്കുകൾ പിടിച്ചെടുത്തുകൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പാക് പതാക പതിപ്പിച്ച ടാങ്കുകൾ താലിബാൻ സേനാഗംഗങ്ങൾ കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഇന്നലെ പുലർച്ചെയാണ് കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡാക്ക് ജില്ലയിൽ പാക് സൈന്യത്തിന്റെ വെടിവയ്പുണ്ടായത്. ഷെല്ലാക്രമണത്തിലും വെടിവയ്പ്പിലുമായി 15 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 100ലേറെ പേർക്ക് പരിക്കേറ്റു. പിന്നാലെ അഫ്ഗാൻ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. നിരവധി പാക് സൈനികരെ വധിച്ചെന്നും ടാങ്കുകളും ആയുധങ്ങളും പിടിച്ചെടുത്തെന്നും സൈനിക കേന്ദ്രങ്ങൾ തകർത്തെന്നും അഫ്ഗാൻ അറിയിച്ചു. പാകിസ്ഥാനിലെ ഖൈബർ പക്തൂഖ്വ പ്രവിശ്യയിൽ ആറ് പാക് സൈനികരെ ഭീകരർ വധിച്ചു. ആറ് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ആഴ്ച 11 പാക് സൈനികരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |