തിരുവനന്തപുരം: മണ്ണിലെ പോഷകാംശത്തിന്റെ പോരായ്മ പരിഹരിക്കാനും ഗുളിക. കൃഷി പുഷ്ടിപ്പെടുമെന്നു മാത്രമല്ല, നല്ല വിളവും കിട്ടും.
ജർമ്മനിയിലും യു.കെയിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലും കാർഷിക വിഷയത്തിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തിയ ഡോ.ചിദംബരേശ്വരൻ മഹാദേവൻ സ്വദേശമായ പെരുന്തൽമണ്ണയ്ക്ക് തിരിച്ചെത്തി മണ്ണിലേക്ക് ഇറങ്ങിയാണ് ഈ കണ്ടുപിടിത്തം നടത്തിയത്. അതിനുള്ള പരീക്ഷണങ്ങളിൽ മുഖ്യപങ്കു വഹിച്ചത് മഹാരാഷ്ട്ര സ്വദേശിയും ഭാര്യയുമായ ഡോ.കേതകീ മഹാജൻ. കൃഷിയുമായി ബന്ധപ്പെട്ട് സ്വന്തം സംരംഭം പ്രണയകാലത്ത് അവരിൽ മൊട്ടിട്ട ജീവിതസ്വപ്നമാണ്.അത് സഫലമാവുകയും ചെയ്തു.
പെരിന്തൽമണ്ണ ആസ്ഥാനമായി ആറുമാസം മുൻപ് ആരംഭിച്ച ക്ലേ ബയോം എന്ന സ്റ്റാർട്ടപ്പിലൂടെയാണ് 'ബയോ-പെല്ലറ്റ്' വികസിപ്പിച്ചത്. കറുത്ത ഗുളികകൾ പോലെയാണിത്. ചെടികളിൽ ഉൾപ്പെടെ അടങ്ങിയിട്ടുള്ള കാർബൺ ആണ് പ്രധാന ചേരുവ. മണ്ണിന് ആവശ്യമുള്ള നൈട്രജൻ,ഫോസ്ഫേറ്റ് പോലുള്ള 11 പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗത്തിലൂടെ മണ്ണിന്റെ ഫലപുഷ്ടി വർദ്ധിപ്പിക്കാം. പ്രകൃതിദത്തമായതിനാൽ മണ്ണിന് ദോഷമില്ല.
കീടനാശിനികളുടെയും മറ്റ് വളങ്ങളുടെയും ഉപയോഗം അഞ്ചുമടങ്ങുവരെ കുറയ്ക്കാം.
കീടനാശിനികൾ ഉപയോഗിക്കുമ്പോൾ മണ്ണിന്റെ ഗുണമേന്മ നഷ്ടപ്പെടാറുണ്ട്. ചാണകം പോലുള്ള ജൈവവളങ്ങളും കൽക്കരിയും മാത്രം ഇട്ടാൽ എല്ലാ പോഷകങ്ങളും ലഭിക്കുകയുമില്ല. ഈ രണ്ട് വെല്ലുവിളികളും ബയോ-പെല്ലറ്റിലൂടെ മറികടക്കാം.
കുരുമുളക്, നെല്ല്, പച്ചക്കറി
കൃഷിക്ക് ഉപയോഗിക്കാം
ചെടി നടുമ്പോൾ മണ്ണിലേക്ക് ഇടണം.
കുരുമുളക്,നെല്ല്,പച്ചക്കറികൾ എന്നിവയ്ക്ക് ഉപയോഗിക്കാം.ചെടിച്ചട്ടികളിൽ ബയോ-പെല്ലറ്റ് മാത്രം ഉപയോഗിച്ചാൽ മണ്ണിന്റെ ആവശ്യവുമില്ല.
മറ്റ് ഏതെല്ലാം കൃഷിക്ക് അനുയോജ്യമാണെന്ന് അറിയാൻ ഗവേഷണം തുടരുകയാണ്. കോവളത്ത് നടന്ന ബയോ-കണക്ട് എക്സ്പോയിലടക്കം ശ്രദ്ധനേടി. ഉടൻ വിപണിയിലെത്തിക്കും.
പ്രണയസംരംഭം
2017ൽ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ചിദംബരേശ്വരൻ പിഎച്ച്.ഡി ചെയ്യുമ്പോഴായിരുന്നു ക്യാൻസർ ബയോടെക്നോളജിയിൽ പിഎച്ച്.ഡി ചെയ്യാനെത്തിയ കേതകിയുമായി പ്രണയത്തിലാവുന്നത്. 2018ൽ ചിദംബരേശ്വരൻ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനായി ജർമനിലേക്ക് പോയി. തുടർന്ന് ഓക്സ്ഫോർഡിലേക്കും. കഴിഞ്ഞവർഷം നാട്ടിലെത്തി. ഇക്കഴിഞ്ഞ ജൂലായിലായിരുന്നു വിവാഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |