കോട്ടയം: ബൈക്കിന്റെ അടവ് മുടങ്ങിയെന്ന് ആരോപിച്ച് കാരാപ്പുഴ സ്വദേശിയെ ഫിനാൻസ് കമ്പനിയിലെ ജീവനക്കാരൻ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. അക്രമത്തിൽ ഗൃഹനാഥന്റെ തലക്ക് പരിക്കേറ്റത്. കാരാപ്പുഴ നെടുംതറയിൽ പ്രമോദിനെയാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന പ്രൈഡ് എന്ന ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രമോദിനെ മർദ്ദിച്ചത്. പ്രമോദിന്റെ മകൻ കഴിഞ്ഞമാസം പ്രൈഡ് ഫിനാൻസ് സ്ഥാപനത്തിൽ ഫിനാൻസ് നൽകി ബൈക്ക് വാങ്ങിയിരുന്നു. ഒരുമാസത്തെ ഇ.എം.ഐ മുടങ്ങിയതിനെ തുടർന്ന് കളക്ഷൻ ഏജന്റ് വീട്ടിലെത്തി. ഈ സമയം പ്രമോദും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുടങ്ങിയ അടവ് തുക 5760 രൂപ നൽകിയെങ്കിലും ഈ മാസത്തെ അടവും വേണമെന്ന് ജീവനക്കാരൻ ആവശ്യപ്പെട്ടു. പണമില്ലെന്ന് പ്രമോദ് പറഞ്ഞെങ്കിലും കളക്ഷൻ ഏജന്റ് അതിക്രമിച്ച് വീടിനുള്ളിൽ കയറി, ഇവരെ അസഭ്യം പറഞ്ഞു. വാക്കേറ്റത്തിനൊടുവിൽ ജീവനക്കാരൻ പ്രമോദിന്റെ തലക്കടിച്ചു. ബോധരഹിതനായ പ്രമോദിനെ സഹോദരൻ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |