
കല്ലമ്പലം: തളരാത്ത മനസുമായി വീൽചെയറിൽ ഷൈജു അങ്കത്തിന്. കരവാരം പഞ്ചായത്തിലെ കണ്ണാട്ടുകോണത്തു നിന്നാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ഷൈജു ജനവിധി തേടുന്നത്. കരവാരം വടക്കോട്ടുകാവ് ചന്ദ്രഗിരിയിൽ ഷൈജു അന്തർ സംസ്ഥാന ബസിലെ ജീവനക്കാരനായിരുന്നു. 2015 -ൽ സേലത്തുവച്ച് ലോറിയുമായി കൂട്ടിയിടിച്ച് നട്ടെല്ലിന് പരിക്കേറ്റു. അരയ്ക്ക് താഴെ സ്വാധീനം ഇല്ലാതായതോടെ സ്നേഹസാന്ത്വനം എന്ന സംഘടന നൽകിയ ഓട്ടോറിക്ഷ ഓടിച്ചാണ് ഷൈജുവിന്റെ ഉപജീവനം. ജനപ്രതിനിധിയായി സേവനം ചെയ്യാൻ ഒരുങ്ങുകയാണ് ഷൈജു. ആൾ കേരള വീൽചെയേഴ്സ് റൈറ്റ്സ് ഫെഡറേഷന്റെ തിരുവനന്തപുരം ജില്ലാ ചുമതല വഹിച്ചിട്ടുണ്ട്. സ്വന്തം ഓട്ടോറിക്ഷ ഓടിച്ച് പാലക്കാട് കുതിരാൻ തുരങ്കം സന്ദർശിച്ചിട്ടുണ്ട്. 2022 ൽ കടയ്ക്കൽ സ്വദേശിയായ ആതിരയെ വിവാഹം കഴിച്ചു. തമിഴ്നാട്ടിലും കർണാടകത്തിലും വിവിധ സ്ഥലങ്ങളിൽ ഭാര്യയോടൊപ്പം സന്ദർശിച്ച് സമൂഹമാധ്യമങ്ങൾ വഴി ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് വീൽചെയറിൽ ജീവിതം തള്ളിനീക്കുന്ന നിരവധി പേർക്ക് പ്രചോദനമായിട്ടുണ്ട്. അവശത മറന്ന് വീൽചെയറിൽ വീടുകൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലാണ് ഷൈജു.പൂർണ്ണ പിന്തുണയുമായി ആതിരയുമുണ്ട് ഒപ്പം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |