
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വ്യക്തിപരമായി സന്തോഷം നൽകുന്ന വാർത്തയാണെന്ന് നടി ലക്ഷ്മിപ്രിയ. ദിലീപേട്ടനെ പോലെ ഒരാൾ അങ്ങനെയൊരു തെറ്റ് ചെയ്യുമെന്ന് ഞാൻ അന്നും ഇന്നും വിശ്വസിക്കുന്നില്ല. അക്കാര്യം ഞാൻ എവിടെയും തുറന്ന് പറയുന്ന വ്യക്തിയാണ്. അതുകൊണ്ട് ഞാൻ നടിക്കൊപ്പമല്ല എന്നല്ല അർത്ഥമെന്നും ലക്ഷ്മി പ്രിയ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
'അദ്ദേഹം തെറ്റ് ചെയ്‌തെന്ന് ഞാൻ അന്നും ഇന്നും വിശ്വസിക്കുന്നില്ല. രണ്ട് പേരും നമ്മുടെ സഹപ്രവർത്തകരും സുഹൃത്തുക്കളുമാണ്. പക്ഷേ, ഇദ്ദേഹം അത് ചെയ്യില്ല എന്നൊരു വിശ്വാസമാണ് എനിക്ക് അന്നും ഇന്നും. അതിൽ എനിക്ക് സന്തോഷമുണ്ട്. എന്നുവച്ച് ഞാൻ നടിക്കൊപ്പമല്ല എന്നല്ല അതിന്റെ അർത്ഥം. നമ്മൾ വിധിക്കുന്ന പോലെയല്ലല്ലോ? കോടതി തീരുമാനിച്ചിട്ടുള്ള കാര്യമല്ലേ. അതിനെ നമ്മൾ ബഹുമാനിക്കണം. കോടതി വിധിയെ അംഗീകരിക്കുന്നു. നമ്മൾ എന്താണ് വിചാരിച്ചത്, അത് തന്നെ വന്നതിൽ സന്തോഷമുണ്ട്. ഇനി മറിച്ചായിരുന്നെങ്കിൽ നമ്മൾ ആ കോടതിവിധിക്കൊപ്പം നിന്നേനെ'- ലക്ഷ്മി പ്രിയ പറഞ്ഞു.
കോടതി വിധി പുറത്തുവന്നതിന് പിന്നാലെ സിനിമാ രംഗത്തുള്ള ഒട്ടേറെ പേരാണ് ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയത്. നന്ദി ദൈവമേ, സത്യമേവ ജയതേ' എന്നാണ് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 'സത്യം ജയിക്കും സത്യമേ ജയിക്കൂ... ഈശ്വരൻ എന്റെ മനസാക്ഷിയോട് പറഞ്ഞ സത്യങ്ങൾ ഒന്നും നാളിതുവരെ തെറ്റിയ ചരിത്രമില്ല... അന്നും ഇന്നും സത്യത്തിനൊപ്പം' എന്നാണ് അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചത്. ഇതുകൂടാതെ സംവിധായകൻ കെ പി വ്യാസനും സന്തോഷം പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |