
കുട്ടനാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ യു.ഡി.എഫ് തരംഗത്തിൽ ഇടതു കോട്ടകൾ തകർന്നു. ആകെയുള്ള 13 പഞ്ചായത്തുകളിൽ 9 ഇടത്ത് യു. ഡി .എഫ്. വിജയക്കൊടി പാറിച്ചപ്പോൾ നാലിടത്ത് മാത്രമാണ് എൽ.ഡി.എഫ് ഒതുങ്ങി. എൽ.ഡി.എഫ് കോട്ടയായി അറിയപ്പെട്ടിരുന്ന കൈനകരി, രാമങ്കരി, നീലംപേരൂർ യ പഞ്ചായത്തുകൾ ഇടതിനെ കൈവിട്ടു.
സി.പി.എമ്മിന്റെ കോട്ടയായി അറിയപ്പെടുന്ന നീലംപേരൂർ പഞ്ചാത്തിൽ എൻ.ഡി.എ സഖ്യം അധികാരത്തിലെത്തും. 14 വാർഡുകളുള്ള ഇവിടെ 7ഇടത്ത് ബി.ജെ.പി വിജയിച്ചപ്പോൾ എൽ.ഡി.എഫിന് 5ഉം യു ഡി എഫിന് 2ഉം സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സി. പി.എം ജില്ലാ കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ ഉണ്ണികൃഷ്ണൻ ഇവിടെ പരാജപ്പെട്ടതും കനത്തഅടിയായി.
കഴിഞ്ഞ പ്രാവശ്യം എൽ.ഡി.എഫ് ഭരിച്ച വെളിയനാട് ബ്ലോക്ക് പഞ്ചായത്തിൽ ഇത്തവണ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമെത്തി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫാണ് വിജയിച്ചത്. ജില്ലാപഞ്ചായത്ത് ഡിവിഷനുകളിൽ പരാജയപ്പെട്ടത് എൽ.ഡി.എഫിന് കനത്ത തിരിച്ചടിയായി.
ഇടതിനെ കൈവിട്ട് രാമങ്കരി
കഴിഞ്ഞ 25 വർഷമായി കൈയിലിരുന്ന രാമങ്കരി പഞ്ചായത്തും ഇടതിനെ കൈവിട്ടു. കഴിഞ്ഞ സംസ്ഥാന സമ്മേളനകാലത്ത് സി. പി. എമ്മിൽ നിലനിന്ന രൂക്ഷമായ വിഭാഗീയതയെ തുടർന്ന് ഒരു വിഭാഗം സി.പി ഐയിലേക്ക് ചേർന്നു. ഇവിടുത്തെ എട്ട് വാർഡുകളിൽ ഇവർ പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറി. ഇത് പഞ്ചായത്ത് ഭരണം കൈവിട്ടുപോകുന്നതിന് കാരണമായെന്ന് മാത്രമല്ല, ഇന്നലെ വരെ ഇവിടെ ഒരു വാർഡ് മെമ്പർ പോലും ഇല്ലാതിരുന്ന ബി.ജെ.പിക്ക് 3 സീറ്റുകൾ ലഭിച്ചു.
എൽ.ഡി.എഫ് ഇവിടെ വെറും 4 വാർഡുകളിൽ മാത്രമാണ് വിജയിക്കാനായത്. രണ്ടാം വാർഡിൽ നിന്ന് ഒരു സ്വതന്ത്രനും വിജയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |