SignIn
Kerala Kaumudi Online
Thursday, 19 February 2026 3.44 AM IST

കൃഷിയിൽ നൂറുമേനി; 'വിളവെടുക്കുന്നത്' വന്യമൃഗങ്ങൾ

Increase Font Size Decrease Font Size Print Page

പാലോട്: വേറിട്ട മാതൃകയും പ്രവർത്തനങ്ങളിലൂടെയും ജില്ലയിൽ ജൈവകൃഷിക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗ്രാമമാണ് നന്ദിയോട്. പെരിങ്ങമ്മല,ആനാട് എന്നീ പഞ്ചായത്തുകളിലെയും കൃഷിരീതി എടുത്തുപറയേണ്ടതാണ്. വനസമ്പത്തും സസ്യസമൃദ്ധിയും വാമനപുരം നദിയുടെ ജലസമൃദ്ധിയുമാണ് ഈ പ്രദേശങ്ങളിലെ മണ്ണിനെയും കൃഷിയേയും പുഷ്ടിപ്പെടുത്തുന്നതിൽ സ്വാഭാവിക പങ്കുവഹിക്കുന്നത്. വീട്ടമ്മമാർ,വിദ്യാർത്ഥികൾ,ഉദ്യോഗസ്ഥർ തുടങ്ങി സർവ്വരും കൃഷിയിൽ പുതുചരിത്രം കുറിക്കുകയാണ്.

കാബേജ്,കത്തിരി,സ്ട്രോബറി,വഴുതന,ചെറുകിഴങ്ങ്,ചീര, അഗസ്തിചീര, വെണ്ട,ചേന,കപ്പ,ചോളം എന്നിവയോടൊപ്പം കുറ്റിമുല്ല,പലയിനം ഓർക്കിഡ്,സൂര്യകാന്തി,മുല്ല, വിവിധയിനം അലങ്കാര പുഷ്പങ്ങളും ഇവർ കൃഷി ചെയ്തിട്ടുണ്ട്. ഉത്പന്നങ്ങൾക്ക് വിപണിയുമുണ്ട്. എന്നാൽ നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ വന്യമൃഗശല്യം നിയന്ത്രണാതീതമായി തുടരുകയാണ്. സന്ധ്യയായാൽ കൃഷിയിടങ്ങളിൽ കാട്ടുപന്നി,ആന,മ്ലാവ്,കാട്ടുപോത്ത് എന്നിവയുടെ ശല്യവും വിളകൾ നശിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. കൃഷിയിടത്തിലിറങ്ങുന്ന പന്നിക്കൂട്ടം റബ്ബർ,വാഴ,മരിച്ചീനി,പച്ചക്കറികൾ തുടങ്ങി കണ്ണിൽക്കാണുന്നതെല്ലാം നശിപ്പിച്ചിട്ടേ തിരികെ മടങ്ങൂ. കുരങ്ങുകളും കൃഷി നശിപ്പിക്കുന്നുണ്ട്.

ആക്രമണവുമായി കാട്ടുപന്നികൾ

പുലർച്ചെ റബർ ടാപ്പിംഗിന് എത്തുന്നവർ പന്നികളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. ഞാറനീലി, ഇലഞ്ചിയം, പനങ്ങോട് ഭാഗങ്ങളിൽ പന്നിയുടെ ആക്രമണത്തിന് ഇരയായ സ്കൂൾ വിദ്യാർത്ഥികളും ഏറെയാണ്. ആദിവാസി മേഖലയിൽ വാഹനസൗകര്യം കുറവായതിനാൽ കിലോമീറ്ററുകളോളം നടന്ന് സ്കൂളുകളിൽ എത്തുന്നവരാണ് ആക്രമണത്തിന് ഇരയാവുന്നത്.കാലൻകാവ്, നാഗര,ഓട്ടുപാലം, പച്ച,വട്ടപ്പൻകാട്,കരിമ്പിൻകാല, സെന്റ് മേരീസ്,ഇടവം,പേരയം,ആനകുളം തുടങ്ങിയ ഭാഗങ്ങളിൽ പകൽ സമയങ്ങളിലും പന്നികൾ കൂട്ടത്തോടെയെത്തുന്നുണ്ട്. അറവുമാലിന്യം ഭക്ഷിക്കാനാണ് ഇവയെത്തുന്നത്.

റോഡിൽ അറവുമാലിന്യം

നന്ദിയോട് വിതുര റൂട്ടിൽ നവോദയ സ്കൂളിന് സമീപവും നാഗരയിലും സാമൂഹ്യവിരുദ്ധർ അറവുമാലിന്യങ്ങൾ തള്ളുന്നു. പൊതുസ്ഥലങ്ങളിൽ അറവുമാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും പരിഗണിച്ചിട്ടില്ല.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY