
ഉദ്ഘാടനം കഴിഞ്ഞാലും പ്രവർത്തനം വൈകുമോയെന്ന് ആശങ്ക
കൊച്ചി: പതിറ്റാണ്ടിലേറെയായുള്ള കാത്തിരിപ്പിനൊടുവിൽ കൊച്ചി ക്യാൻസർ സെന്ററിന്റെ ഉദ്ഘാടനം ജനുവരിയിൽ നടക്കുമെങ്കിലും പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതിന് ആറുമാസത്തിലേറെ ഇനിയുമെടുത്തേക്കുമോ എന്ന് ആശങ്ക. പുതിയതായി 159 തസ്തികകൾ സൃഷ്ടിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. 91 സ്ഥിരം തസ്തികകളും 68 സ്ഥിരം തസ്തികകളും ഉൾപ്പെടെയാണിത്.
നിയമനം പി.എസ്.സി മുഖേനയാണെങ്കിൽ തസ്തിക വിജ്ഞാപനം, പരീക്ഷാ വിജ്ഞാപനം, ചുരുക്കപ്പട്ടിക പ്രസിദ്ധീകരണം, അഭിമുഖം, സെലക്ഷൻ എന്നിവയെല്ലാം ഘട്ടംഘട്ടമായി പൂർത്തീകരിക്കുന്നതിന് കുറഞ്ഞത് എട്ട് മാസമെങ്കിലും വേണ്ടി വന്നേക്കും. ഇതേക്കുറിച്ചൊന്നും സർക്കാർ വൃത്തങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഉദ്ഘാടനം വൈകാൻ കാരണമായി
നിലവിൽ തീരുമാനിച്ച 159 തസ്തികകൾ സംബന്ധിച്ച തീരുമാനം രണ്ടു വർഷത്തോളം വൈകിയാണ് വന്നത്. രണ്ടുവർഷം മുൻപാണ് തസ്തിക, സ്റ്റാഫ് പാറ്റേൺ തുടങ്ങിയവയ്ക്കായുള്ള ഫയൽ സംസ്ഥാന സർക്കാരിന് മുന്നിലെത്തിയത്. ആരോഗ്യ വകുപ്പായിരുന്നു ഇതാദ്യം പാസാക്കേണ്ടിയിരുന്നത്. ഇതിനുശേഷം ധനവകുപ്പ് അനുമതിയും ആവശ്യമായിരുന്നു. ഇത് രണ്ടു വർഷത്തോളം വൈകിയത് കൊച്ചിൻ ക്യാൻസർ സെന്ററിന്റെ ഉദ്ഘാടനം വൈകുന്നതിന് കാരണമായി. കളമശ്ശേരിയിലെ സർക്കാർ മെഡിക്കൽ കോളേജിനോട് ചേർന്നാണ് ക്യാൻസർ സെന്ററിന്റെ പുതിയ കെട്ടിടം നിർമ്മിച്ചത്. ആകെ 350ലേറെ തസ്തികകൾ വേണമെന്ന് 2023 ആഗസ്റ്റിലാണ് സർക്കാരിന് ശുപാർശ ലഭിച്ചത്.
ശുപാർശ അംഗീകരിച്ചു
ജീവനക്കാരുടെ എണ്ണം കണക്കാക്കുന്നതിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ അംഗീകരിച്ചാണ് 159 തസ്തിക സൃഷ്ടിച്ചത്.
ഒന്നാംഘട്ടം------
100 ബെഡുകളുമായി തുടക്കം
എട്ട് പ്രൊഫസർ
28 അസി. പ്രൊഫസർ
നഴ്സിംഗ് സൂപ്രണ്ട് മുതൽ സിസ്റ്റം മാനേജർ വരെ 18 വിഭാഗങ്ങങ്ങൾ എന്നിവയും സജ്ജമാക്കി
ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് താമസിക്കാനായി 11.34 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന അമിനിറ്റി സെന്ററും നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാക്കും.
ക്യാൻസർ സെന്റർ
ചെലവ്---------- 450കോടി
വിസ്തീർണം----------- 6.4 ലക്ഷം ചതുരശ്രയടി
ആകെ കിടക്കകൾ------------ 360
നിർമ്മാണ തുടക്കം------- 2014
മേൽനോട്ടം ---------ഇൻകെൽ
ഉപകരണങ്ങൾക്ക് ചെലവ് --------210 കോടി രൂപ
തുക-------കിഫ്ബി വക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |