
ആലുവ: കാലപ്പഴക്കം ചെന്ന ഭൂഗർഭ പൈപ്പ് പൊട്ടിയതിനെ തുടർന്ന് ആലുവ മാർക്കറ്റ് റോഡിൽ വീണ്ടും കുടിവെള്ളം മുടങ്ങി. ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴായി. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ മാർക്കറ്റ് റോഡിൽ തറയിൽ ബിൽഡിംഗിന് മുമ്പിലാണ് പൈപ്പ് പൊട്ടിയത്. നാല് മണിയോടെ പള്ളിയിലേക്ക് പോയവരാണ് പൈപ്പ് പൊട്ടിയ വിവരം നഗരസഭ കൗൺസിലർ സിജു തറയിലിനെ അറിയിച്ചത്. തുടർന്ന് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെ പലവട്ടം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഏഴ് മണിയോടെയാണ് അവർ മെമ്പറെ തിരിച്ചുവിളിച്ച് കാര്യം തിരക്കുന്നത്. എന്നിട്ടും ഒന്നര മണിക്കൂറിന് ശേഷമാണ് തൊഴിലാളികളെത്തി ഈ ഭാഗത്തേക്കുള്ള വാൽവ് അടച്ചത്. അതുവരെ മാർക്കറ്റ് റോഡിൽ വെള്ളം പുഴ പോലെ ഒഴുകി. തറയിൽ ബിൽഡിംഗിലെല്ലാം വെള്ളം കെട്ടിക്കിടന്നു.
വൈകിട്ടോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പമ്പിംഗ് പുന:സ്ഥാപിച്ചു. നഗരസഭയുടെ എട്ട്, 20 വാർഡുകളിലെ താമസക്കാരും കച്ചവടക്കാരുമാണ് വെള്ളം ലഭിക്കാതെ ദുരിതത്തിലായത്. ആറ് ഇഞ്ച് വ്യാസമുള്ള പഴയ ആസ്ബറ്റോസ് പൈപ്പിലൂടെയാണ് വെള്ളം കൊണ്ടുപോകുന്നത്. രണ്ടാഴ്ച്ച മുമ്പും ബാങ്ക് കവലയിൽ പെെപ്പ് പൊട്ടി വെള്ളം പാഴായിരുന്നു. കടുത്ത സമ്മർദ്ദത്തെ തുടർന്ന് രണ്ട് മാസം മുമ്പ് ബ്രിഡ്ജ് റോഡിലെ ഭൂഗർഭ പൈപ്പ് മാറ്റിയെങ്കിലും ഇതുവരെ റോഡ് പൂർവ സ്ഥിതിയിലാക്കിയിട്ടില്ല.
വാട്ടർ അതോറിട്ടി - പി.ഡബ്ളിയു.ഡി
തർക്കം, പൈപ്പിടൽ വൈകി
കാലപ്പഴക്കം ചെന്ന പൈപ്പ് മാറ്റാൻ വാട്ടർ അതോറിട്ടി തയ്യാറാണെങ്കിലും റോഡ് കുഴിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് തടസം. സമയബന്ധിതമായി വാട്ടർ അതോറിട്ടി പദ്ധതി പൂർത്തീകരിക്കില്ലെന്നാണ് പി.ഡബ്ളിയു.ഡി പറയുന്നത്.
ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ കൊടുത്ത പരാതിയിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ പെപ്പുകളും മാറ്റുമെന്ന് വാട്ടർ അതോറിറ്റി ഉറപ്പ് നൽകിയിരുന്നു. എന്നാൽ പി.ഡബ്ളിയു.ഡിയുടെ അനുമതി ലഭിക്കാത്തതിനാൽ പൂർത്തിയായിട്ടില്ല.
ജനങ്ങളെ വലക്കുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്
സാബു പരിയാരത്ത്,
സെക്രട്ടറി
പൗരാവകാശ സംരക്ഷണ സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |