തൃശൂർ: ഒരേക്കറോളം സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന അഞ്ഞൂറിലേറെ വാഹനങ്ങൾ കത്തി അമർന്നപ്പോൾ റെയിൽവേ സ്റ്റേഷനിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. രാവിലെയായതിനാലും ഞായറാഴ്ചയായതിനാലും റെയിൽവേ സ്റ്റേഷനിൽ തിരക്ക് കുറഞ്ഞത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. നേരം പുലർന്ന ശേഷമുണ്ടായ ഈ അത്യാഹിതത്തിന്റെ ഭീതിയിൽ നിന്ന് പൂത്തോളിലും പരിസരപ്രദേശങ്ങളിലുമുള്ളവർ മുക്തരായിട്ടില്ല. ഓടിക്കൂടിയ നാട്ടുകാർക്കും യാത്രക്കാർക്കും ഒന്നും ചെയ്യാനാവാത്ത വിധം തീയും കനത്ത പുകയും പടർന്നിരുന്നു.
ആശ്വാസമായി ഫയർഫോഴ്‌സ്
സംഭവം നടന്നയുടൻ ഫയർഫോഴ്‌സ് എത്തി അതിവേഗം തീ അണയ്ക്കാൻ ആരംഭിച്ചത് വലിയ ആശ്വാസമായി. സിഗ്‌നൽ റൂമും വൻമരവുമൊന്നും കത്തിപ്പിടിക്കാതെ ജീവൻ പണയപ്പെടുത്തിയാണ് ജീവനക്കാർ രക്ഷാപ്രവർത്തനം നടത്തിയത്. നിരവധി യാത്രക്കാരുളള റെയിൽവേ സ്റ്റേഷനിലേക്കും തീ പടരാതെ ശ്രദ്ധിച്ചു. സ്റ്റേഷൻ ഓഫീസർ ടി. അനിൽകുമാർ , ബി. ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ തൃശൂർ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പി.കെ. രഞ്ജിത്ത് , ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ശ്രീഹരി, സുധൻ, അനന്തകൃഷ്ണൻ, സഭാപതി, ഷാജു ഷാജി, ഹോം ഗാർഡ് വിജയൻ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ( ട്രെയിനി) വൈശാഖ്, സുരേന്ദ്രൻ, അഖിൽ എന്നിവരും ഇരിങ്ങാലക്കുട നിലയത്തിൽ നിന്നും അസി.സ്റ്റേഷൻ ഓഫീസർ കെ.സി. സജീവിന്റെ നേതൃത്വത്തിലുള്ള യൂണിറ്റും, പുതുക്കാട് നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള യൂണിറ്റും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു
പാർക്കിംഗിൽ ബൈക്കുകൾ ദിവസങ്ങളോളം
തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് കേന്ദ്രങ്ങളിൽ പ്രതിമാസ പാസെടുക്കുന്നവർ ദിവസങ്ങളോളം ബൈക്ക് പാർക്ക് ചെയ്യാറുണ്ട്. പാസ് കാണിച്ചാൽ ജീവനക്കാർ ബൈക്ക് കടത്തിവിടാനും കൊണ്ടുപോകാനും അനുവാദം നൽകും. അതുകൊണ്ടു തന്നെ എത്ര ബൈക്കുകൾ പാർക്കിംഗ് കേന്ദ്രങ്ങളിൽ ഉണ്ടെന്ന കൃത്യമായ വിവരം ലഭിക്കില്ല. പാർക്കിംഗ് കേന്ദ്രത്തിന് പുറത്ത് ബൈക്കുകൾ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ എടുത്തിരുന്നു. ഇതോടെ പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ നിറഞ്ഞുകവിഞ്ഞു. റെയിൽവ സ്റ്റേഷൻ പരിസരങ്ങളിൽ നിന്ന് ബൈക്കും ഹെൽമെറ്റും മോഷണം പോകുന്നതും വാഹനങ്ങൾ കേടുവരുത്തുന്നതും മുൻകാലങ്ങളിൽ പതിവായിരുന്നു. ഈയിടെയാണ് ഇത്തരം കേസുകൾ കുറഞ്ഞത്.
കുത്തനെ കൂട്ടിഫീസ്
തൃശൂർ: വാഹനങ്ങളുടേയും യാത്രക്കാരുടേയും എണ്ണം കൂടുമ്പോൾ പാർക്കിംഗ് ഫീസ് കുത്തനെ ഉയർത്തുന്നതല്ലാതെ സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിൽ നടപടിയില്ല. പ്രീമിയം പാർക്കിംഗ് എന്ന പേരിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടത്തുന്ന വൻ കൊള്ള കേരളകൗമുദി വാർത്തയെ തുടർന്നാണ് അറുതിയായത്. രണ്ട് ദിവസം ബൈക്ക് നിറുത്തിയിട്ടതിന് റിട്ട. എസ്.ഐയുടെ കൈയിൽ നിന്ന് 845 രൂപ ഫീസ് വാങ്ങിയത് കേരളകൗമുദി വാർത്ത നൽകിയിരുന്നു. തുടർന്ന് പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. അടക്കമുളള വിവിധ സംഘടനകളും രംഗത്തെത്തി. പിന്നീട് കരാറുകാരൻ ഇടപെട്ട് ഫീസ് നിരക്ക് കുറച്ചത്. തൊട്ടടുത്തുള്ള സ്ഥലങ്ങളിൽ പാർക്കിംഗ് ഫീസായി 30 രൂപ വാങ്ങുമ്പോഴാണ് പ്രീമിയം എന്ന പേരിൽ ഉയർന്ന ഫീസ് വാങ്ങിയിരുന്നത്. മധുര സ്വദേശിയാണ് കരാർ എടുത്തിരുന്നത്. കേരളത്തിലെ നടത്തിപ്പിനായി മാനേജരെ നിയമിച്ചിരുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഈ കൊള്ളക്കെതിരെ റെയിൽവേ അധികാരികളും രംഗത്തെത്തിയില്ല.
കഴിഞ്ഞ വർഷം ജൂണിൽ വാഹനങ്ങളുടെ പാർക്കിങ്ങിനുള്ള നിരക്കുകൾ പരിഷ്കരിച്ചപ്പോൾ യാത്രക്കാരും വാഹന ഉടമകളും വിവിധ സംഘടനകളും പരാതിപ്പെട്ടിരുന്നു. ജി.എസ്.ടി അടക്കമാണ് ഈ നിരക്കുകൾ കൂട്ടിയിരുന്നത്. സൈക്കിൾ, ഇരുചക്ര വാഹനം, 3-4 ചക്ര വാഹനം, മിനി ബസ്/ബസ് എന്നിവയാണ് പലയിടങ്ങളിലായി പാർക്ക് ചെയ്യുന്നത്. 2 മണിക്കൂർ മുതൽ 96 മണിക്കൂർ വരെ പാർക്ക് ചെയ്യാം. 96 മണിക്കൂറിൽ കൂടുതൽ വരുന്ന ഓരോ 24 മണിക്കൂറോ അതിൽ കുറവോ വരുന്ന സമയത്തിനും 20, 70, 200, 840 രൂപ എന്നിങ്ങനെയാണ് ഫീസ്. ഹെൽമറ്റിനും ഓരോ 24 മണിക്കൂറോ അതിൽ കുറവോ വരുന്ന സമയത്തിനും 10 രൂപ വീതം നൽകണം. പ്രതിമാസ നിരക്ക് സൈക്കിളിന് 200 രൂപ, ഇരുചക്ര വാഹനത്തിന് 600 രൂപ എന്നിങ്ങനെയാണ് തുക.
തിരിച്ചടിയായത് സുരക്ഷാ ഉപകരണങ്ങളുടെ അഭാവം
ഭാസി പാങ്ങിൽ
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ പാർക്കിംഗ് ഏറ്റെടുത്ത കരാർ കമ്പനി തീപിടിത്തം പ്രതിരോധിക്കാനുള്ള സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിരുന്നില്ലെന്ന് ആക്ഷേപം. ഫയർ എക്സ്റ്റ്വിംഗ്വിഷർ അടക്കമുള്ള യാതൊരു ഉപകരണങ്ങളും പാർക്കിംഗ് ഷെഡിലുണ്ടായിരുന്നില്ല. അഗ്നിശമന ഉപകരണങ്ങൾ ഉണ്ടായിരുന്നെങ്കിൽ തീ വേഗത്തിൽ കെടുത്താമായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു.
സി.സി ടിവിയും ടിക്കറ്റ് വെൻഡിംഗ് മെഷീനും കത്തിനശിച്ചു. ഹാർഡ് ഡിസ്കുകളും കത്തി. എത്ര വാഹനങ്ങൾ കത്തിയെന്നതിന് കൃത്യതയില്ല. ഷെഡിൽ വേണ്ടത്ര വെളിച്ചവുമില്ല. രാത്രിയിൽ സ്ത്രീകൾക്ക് സുരക്ഷിതമായി വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമില്ല.
എന്നാൽ പാർക്കിംഗ് സ്റ്റേഷനിലെ ജീവനക്കാർക്ക് പരിചയക്കുറവുണ്ടെന്നാണ് ഫയർഫോഴ്‌സ് പറയുന്നത്. അടിയന്തര സാഹചര്യങ്ങളിൽ വിളിക്കാനുള്ള കൺട്രോൾ റൂം, ഹെൽപ്പ് ലൈൻ നമ്പറുകളും പ്രദർശിപ്പിച്ചിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |