
*കണ്ടില്ലെന്ന് നടിച്ച് ട്രാഫിക് പൊലീസ്
കൊച്ചി: കൊച്ചി നഗരസഭയുടെ അധീനതയിലുള്ള കലൂർ ബസ് സ്റ്റാൻഡ് യാത്രക്കാർക്ക് മരണക്കെണിയാകുന്നു. 16 ദിവസത്തിനിടെ രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരാതി. അപകടത്തിൽപ്പെട്ട ഒരാളുടെ കാൽ മുറിച്ചുമാറ്റി. ക്രിസ്മസ് ദിവസം പരിക്കേറ്റ യാത്രക്കാരി മൂന്ന് ശസ്ത്രക്രിയകൾക്ക് വിധേയയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അപകടങ്ങളുണ്ടായിട്ടും കൊച്ചി സിറ്റി ട്രാഫിക് പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു. പ്രതികളായ സ്വകാര്യ ബസ് ഡ്രൈവർമാരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികളും സ്വീകരിച്ചിട്ടില്ല.
കൊല്ലം സ്വദേശിയുടെ കാലിലൂടെ
ബസിന്റെ മുൻചക്രം കയറിയിറങ്ങി
കൊല്ലം ചവറ മുകുന്ദപുരം സന്തോഷ് ഭവനിൽ സന്തോഷിന്റെ (45) വലതുകാലാണ് മുട്ടിന് മുകളിൽ മുറിച്ചുമാറ്റിയത്. ഡിസംബർ 10ന് രാവിലെ കലൂർ ബസ് സ്റ്റാൻഡിലെ ശൗചാലയത്തിന് സമീപം നിന്ന സന്തോഷിനെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. വലതുകാലിലൂടെ ബസിന്റെ മുൻചക്രം കയറിയിറങ്ങി. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ യാത്രക്കാർ ചേർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഒരാഴ്ച കഴിഞ്ഞാണ് കാൽ മുറിച്ചുമാറ്റിയത്. കൊച്ചിയിൽ കൂലിപ്പണി ചെയ്തിരുന്ന സന്തോഷ് ഇപ്പോൾ വീട്ടിൽ കിടപ്പിലാണ്.
അമിതവേഗത അപകടത്തിന് കാരണം
തേവര മാളിയേക്കൽ റോഡ് കണിയാട്ട് വീട്ടിൽ സിനി ജോൺ (51) ആണ് അപകടത്തിൽപ്പെട്ട മറ്റൊരു യാത്രക്കാരി. ഡിസംബർ 26ന് വൈകിട്ട് 4.55നായിരുന്നു അപകടം. സ്റ്റാൻഡിലെ മരച്ചുവടിന് സമീപം നിൽക്കുകയായിരുന്ന സിനിയെ, കലൂർ ജംഗ്ഷനിലെ സിഗ്നൽ തെളിഞ്ഞപ്പോൾ അമിതവേഗതയിൽ സ്റ്റാൻഡിലേക്ക് കയറിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസിനും മരത്തിന്റെ സംരക്ഷണത്തറയ്ക്കും ഇടയിൽ അമർന്ന് സിനിയുടെ കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിനിയുടെ ഇടതുകാലിന് മൂന്ന് ശസ്ത്രക്രിയകൾ വേണ്ടിവന്നു. വലതുകാലിലെ തൊലി പൂർണമായും അടർന്നുപോയ നിലയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |