പറവൂർ: ഗതാഗത തടസത്തെ തുടർന്ന് റൂട്ട് മാറിയോടിയ ബസിലെ യാത്രക്കാരനെ ദൂരെയുള്ള സ്റ്റോപ്പിൽ നിറുത്തി കണ്ടക്ടർ ചവിട്ടി താഴെയിട്ടു. പരിക്കേറ്ര വള്ളുവള്ളി കളത്തിപ്പറമ്പിൽ റോയ് (60) പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കലൂർ - പറവൂർ റൂട്ടിൽ സർവീസ് നടത്തുന്ന മിലൻ ബസിലെ കണ്ടക്ടറാണ് മർദ്ദിച്ചതെന്നാണ് പരാതി. റോയിയെ കൂടുതൽ മർദ്ദിക്കാനൊരുങ്ങിയ കണ്ടക്ടർ നാട്ടുകാരെത്തിയതോടെ പിന്തിരിഞ്ഞു. മഞ്ഞുമ്മൽ കവലയിൽ നിന്ന് കൂലിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇയാൾ. ദേശീയപാതയിൽ വാഹനാപകടത്തെ തുടർന്ന് ഗതാഗത കുരുക്കായതിനാൽ സർവീസ് റോഡിലൂടെയാണ് ബസ് പോയത്. റോയിക്ക് വീടിനടുത്തുള്ള അത്താണി സ്റ്റോപ്പിൽ ഇറങ്ങാനായില്ല. തൊട്ടടുത്ത സ്റ്റോപ്പായ സ്കൂൾ പടിയിൽ ബസ് നിറുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും നിറുത്തിയില്ല. പിന്നീടുള്ള മില്ലുപടി സ്റ്റോപ്പിൽ ബസ് നിറുത്തിയപ്പോൾ ഇറങ്ങാൻ മടിച്ച റോയിയെ കണ്ടക്ടർ ചവിട്ടി റോഡിലേക്ക് തള്ളിയിട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ദേശീയപാതയിൽ വള്ളുവള്ളി അത്താണിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് മണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |