
നിർണായക വിവരങ്ങൾ ഇനിയും പുറത്തുവരും
അന്വേഷണത്തിൽ സംതൃപ്തി, ആറാഴ്ച കൂടി സമയം
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണത്തിൽ യാതൊരു സ്വാധീനത്തിനും വഴങ്ങരുതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദ്ദേശം. അയ്യപ്പന്റെ അമൂല്യ സ്വത്തുക്കൾ നഷ്ടമായ കേസിൽ ഉന്നത സ്വാധീനത്തിന്റെ സാദ്ധ്യതകൂടി കണക്കിലെടുത്താണ് അന്വേഷണം കോടതിയുടെ കർശന മേൽനോട്ടത്തിലാക്കിയതെന്നും വ്യക്തമാക്കി. എസ്.ഐ.ടി അന്വേഷണത്തിൽ കോടതി സംതൃപ്തി രേഖപ്പെടുത്തി. അന്വേഷണം പൂർത്തിയാക്കാൻ ആറാഴ്ചകൂടി അനുവദിച്ചു. കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്താനും അനുമതി നൽകി.
ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണത്തിലൂടെ സ്വർണക്കൊള്ളയിലെ നിർണായക വിവരങ്ങൾ ഇനിയും പുറത്തുവരുമെന്നും ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
എസ്.ഐ.ടിയെ സമ്മർദ്ദത്തിലാക്കാവുന്ന അഭ്യൂഹങ്ങളും കഥകളും പ്രചരിക്കുന്നുണ്ട്. പുതുതായി ഉൾപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും പ്രചാരണങ്ങളുണ്ടായി. മികച്ച ഉദ്യോഗസ്ഥരെയാണ് കോടതി നിർദ്ദേശപ്രകാരം നിയോഗിച്ചിരിക്കുന്നത്. മാദ്ധ്യമ വിചാരണയിൽ പതറരുത്. ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കണമെന്നും നിർദ്ദേശിച്ചു.
എസ്.ഐ.ടി തലവനായ എ.ഡി.ജി.പി എച്ച്.വെങ്കിടേഷ്, അന്വേഷണ ഉദ്യോഗസ്ഥൻ എസ്.ശശിധരൻ എന്നിവർ കോടതിയിൽ ഹാജരായി അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, തമിഴ് വ്യവസായി ഡി.മണി എന്നിവരെയടക്കം ചോദ്യം ചെയ്തതിന്റെ വിവരങ്ങൾ റിപ്പോർട്ടിലുണ്ട്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട 15 പേരിൽ 9 പേർ അറസ്റ്റിലായി. കട്ടിളപ്പാളി, ശ്രീകോവിൽ വാതിൽക്കേസിലെ 12 പേരിൽ 9പേരും പിടിയിലായി. 181 സാക്ഷികളുടെ മൊഴിയെടുത്തു. നിർണായക സാക്ഷികളിൽ നിന്ന് തെളിവെടുക്കാൻ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയതായും അറിയിച്ചു.
അന്വേഷണ പരിധിയിൽ
1998 മുതൽ 2025 വരെ
1998 മുതൽ 2025 സെപ്തംബർവരെയുള്ള സംഭവങ്ങൾ അന്വേഷിക്കേണ്ടതുണ്ട്.അതിസങ്കീർണമായ കേസിന്റെ അന്വേഷണത്തിൽ ക്ഷമയും ജാഗ്രതയും അനിവാര്യമാണെന്നും കോടതി പറഞ്ഞു. നഷ്ടമായ സ്വർണത്തിന്റെ അളവും ഒറിജിനൽ മാറ്റി പകരം മറ്റൊന്ന് വച്ചോയെന്നും അറിയുന്നതിന് ശാസ്ത്രീയ പരിശോധനാഫലം ലഭിക്കണം. വി.എസ്.എസ്.സിയിലെ രാസപരിശോധനയിൽ കുറ്റകൃത്യത്തിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന വിവരങ്ങളാണ് പ്രതീക്ഷിക്കുന്നത്. കേസ് 19ന് വീണ്ടും പരിഗണിക്കുമ്പോൾ എസ്.ഐ.ടി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കണം.
നടപടികൾ കുറ്റമറ്റത്
1.എസ്.ഐ.ടിയുടെ ഇതുവരെയുള്ള നടപടികൾ കുറ്റമറ്റതാണ്. സംസ്ഥാനത്തിന് പുറത്തുപോയും തെളിവുകൾ ശേഖരിച്ചു. പലരും മറച്ചുവയ്‌ക്കാൻ ശ്രമിച്ച രേഖകളും പിടിച്ചെടുക്കാനായി. സംശയിക്കുന്നവരുടെ കോൾ ഡാറ്റകളും ടവർ ലൊക്കേഷനുകളും ശേഖരിച്ചു
2.മൊബൈലുകൾ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്‌ക്കയച്ചു. കൈയക്ഷരവും ഒപ്പുകളും പരിശോധിച്ചു. പ്രതികൾക്ക് വരവിൽക്കവിഞ്ഞ സ്വത്തുക്കൾ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള രേഖകളും കണ്ടെടുത്തു. 1998-99ൽ യു.ബി ഗ്രൂപ്പ് സന്നിധാനത്ത് സ്വർണം പൊതിഞ്ഞതിന്റെ ഫയലുകളും ലഭിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |