
വള്ളികുന്നം: കല്ലട ഇറിഗേഷൻ പദ്ധതിയിലൂടെ വെള്ളം തുറന്നുവിടുന്നതിന് മുന്നോടിയായി ചാരുംമൂട്, താമരക്കുളം പ്രദേശങ്ങളിലെ കനാലുകളുടെ ശുചീകരണം പുരോഗമിക്കുമ്പോഴും വള്ളികുന്നത്ത് ഒരു നടപടിയുമായില്ല. ഇവിടെ പ്രധാന കനാലും ഉപ കനാലുകളും ഉൾപ്പെടെ എല്ലാം കാട് മൂടി മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്. കാട്ടുപന്നിയുടെയും പാമ്പുകളുടെയും താവളവുമാണ്.
വേനൽ ആരംഭിച്ചതോടെ ഉയർന്ന സ്ഥലങ്ങളിലെല്ലാം കുടിവെള്ളം കിട്ടാക്കനിയായ സാഹചര്യത്തിലാണ് കല്ലട ഇറിഗേഷൻ പദ്ധതിയുടെ കനാലുകൾ തുറന്നുവിട്ട് പാടത്തും പുഞ്ചകളിലും വെള്ളമെത്തിക്കാനായുള്ള നടപടികൾ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചത്.
10ന് തെന്മല ഡാം തുറക്കുമെന്നാണ് നിലവിലെ അറിയിപ്പ്. ഡാം തുറന്നാൽ ദിവസങ്ങൾക്കകം പ്രദേശത്തെ കനാലുകളിൽ വെള്ളം എത്തും. കനാൽ ശുചീകണത്തിന്റെ ഭാഗമായി ഉപ കനാലുകളും ചാരുംമൂട് വരെയുള്ള പ്രധാന കനാലും ശുചീകരിച്ചു. കനാൽ ചോർന്ന് വെള്ളം പാഴാകുന്നത് തടയുന്നതിനുള്ള സജ്ജീകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്. നൂറനാട്ട് പഴയ ഷട്ടറുകൾ മാറ്റി പുതിയത് സ്ഥാപിച്ചു. ആദിക്കാട്ടുകുളങ്ങരയിലുള്ള അക്വഡേറ്റ് അപകടരഹിതമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനുള്ള പണം ലഭിക്കാത്തതാണ് പ്രശ്നം.
ശുചീകരണത്തിന് നടപടിയില്ല
തെന്മലയിൽ 10ന് ഡാം തുറന്നാൽ രണ്ട് ദിവസം കൊണ്ടുതന്നെ ആവശ്യാനുസരണം വെള്ളം അടൂർ പഴകുളത്തെത്തും
ഇവിടെ നിന്ന് നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം, വള്ളികുന്നം പഞ്ചാത്തുകളിലേക്കുള്ള പ്രധാനകനാലുകളിലും ഉപകനാലുകളിലും വെള്ളമെത്തും
തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് മുമ്പ് വള്ളികുന്നത്ത് കനാലുകൾ വൃത്തിയാക്കിയിരുന്നത്
എന്നാൽ 10ന് കനാൽ തുറന്നുവിടുമെന്ന് ഇറിഗേഷൻ വകുപ്പ് അറിയിച്ചിട്ടും കനാലുകൾ വൃത്തിയാക്കാൻ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
മാലിന്യമെറിയുന്നവരെ കണ്ടെത്താൻ നിരീക്ഷണം
ശുചീകരണം പൂർത്തിയാക്കിയ കനാലുകളിൽ മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്താൻ പൊലീസും തദ്ദേശ സ്ഥാപനങ്ങളും നിരീക്ഷണം ശക്തമാക്കി. മാലിന്യം ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനം. രാത്രി കനാൽ വശങ്ങളിൽ ജനകീയ പട്രോളിംഗ് നടത്തുകയും മാലിന്യം തള്ളുന്നവരെ കണ്ടെത്തിയാൽ പൊലീസിന് കൈമാറുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |