കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിക്ക് വലിയ ആശ്വാസമായി ഒൻപത് ക്ലിനിക്കൽ പി.ജി കോഴ്സുകളിൽ അടുത്തമാസം ക്ലാസ് ആരംഭിക്കും. ഇതോടെ ഒൻപത് പി.ജി കോഴ്സുകളിൽ അനുവദിച്ചിട്ടുള്ള 34 സീറ്റുകളിൽ പ്രവേശനം നേടുന്ന ഡോക്ടർമാരുടെ സേവനം മെഡിക്കൽ കോളേജിൽ ലഭിക്കും.
മൂന്ന് വർഷം ദൈർഘ്യമുള്ള കോഴ്സിന്റെ ആദ്യനാളുകൾ മുതൽ തന്നെ കാഷ്വാലിറ്റി, വാർഡ്, ഐ.സി.യു തുടങ്ങിയിടങ്ങളിൽ മെഡിക്കൽ ഓഫീസർക്ക് കീഴിൽ പി.ജി വിദ്യാർത്ഥികൾക്ക് പരിശീലനം ഉണ്ടാകും. അതുകൊണ്ട് തന്നെ രാത്രികാലങ്ങളിലടക്കം ഡോക്ടർമാരുടെ സേവനം മെഡിക്കൽ കോളേജിൽ ലഭിക്കും. ഇതോടെ അത്യാഹിതം സംഭവിച്ചെത്തുന്നവരെ വിദഗ്ദ്ധ ഡോക്ടർമാരുടെ കുറവ് കാരണം റഫർ ചെയ്യുന്നുവെന്ന പേരുദോഷം ഒരുപരിധി വരെ മാറും. വിവിധ ശസ്ത്രക്രിയകൾക്കായുള്ള കാത്തിരിപ്പിന്റെ ദൈർഘ്യവും കുറയും.
നേരത്തെ നാല് പി.ജികൾ ആരംഭിച്ചിരുന്നെങ്കിലും അത് ചികിത്സാ രംഗത്ത് കാര്യമായി ഗുണം ചെയ്യാത്ത പാരാ ക്ലിനിക്കൽ കോഴ്സുകളാണ്. ഇപ്പോൾ ആരംഭിക്കുന്ന ഒൻപത് ക്ലിനിക്കൽ പി.ജി കോഴ്സുകളിൽ അഖിലേന്ത്യ നീറ്റ് പട്ടികയിൽ നിന്നുള്ള 17 പേർ പ്രവേശനം നേടിക്കഴിഞ്ഞു. സംസ്ഥാന പട്ടികയിൽ നിന്നുള്ള പ്രവേശനം വൈകാതെ ആരംഭിക്കും. അഖിലേന്ത്യ പട്ടികയിൽ നിന്ന് പ്രവേശനം നേടിയവരെല്ലാം ഇതര സംസ്ഥാനക്കാരാണ്. ഇവർ മറ്റ് കോളേജുകളിലേക്ക് മാറിയാൽ സംസ്ഥാന പട്ടികയിൽ നിന്ന് പകരം പ്രവേശനം നടത്തും.
ആരംഭിക്കുന്ന പി.ജി കോഴ്സുകൾ
മെഡിസിൻ
സർജറി
പീഡിയാട്രിക്
ഗൈനക്ക്
ഓർത്തോ
ഇ.എൻ.ടി
ഒഫ്ത്താൽമോളജി
അനസ്തേഷ്യ
ട്രാൻസ്ഫ്യൂഷൻ മെഡിസിൻ
സീനിയർ റെസിഡന്റുമാർക്കും സാദ്ധ്യത
ക്ലിനിക്കൽ പി.ജി കോഴ്സുകൾ ആരംഭിക്കുന്നതിന് പിന്നാലെ അതേ സ്പെഷ്യാലിറ്റികളിൽ പി.ജി പാസായ സീനിയർ റെസിഡന്റുമാരുടെ തസ്തികയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ അനുവദിക്കാൻ സാദ്ധ്യതയുണ്ട്. അതോടെ കൂടുതൽ സ്പെഷ്യലിസ്റ്റുകളുടെ സേവനം മെഡിക്കൽ കോളേജിൽ ലഭ്യമാകും.
മികച്ച വിജയം
നേരത്തെ ആരംഭിച്ച നാല് പി.ജി കോഴ്സുകളിലെ ആദ്യ ബാച്ച് ഉയർന്ന മാർക്കുകളോടെയാണ് പാസായത്. ഫോറൻസിക്കിൽ കേരള ആരോഗ്യ സർവകലാശാലയിൽ ഒന്നും മൂന്നും റാങ്കുകളും മൈക്രോ ബയോളജിയിൽ നാലാം റാങ്കും പാരിപ്പള്ളി മെഡിക്കൽ കോളേജിന് ലഭിച്ചിരുന്നു.
ഒൻപത് പി.ജി കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു. കോഴ്സ് ആരംഭിക്കുന്നതോടെ പ്രവേശനം നേടുന്ന ഡോക്ടർമാരുടെ സേവനം കൂടി മെഡിക്കൽ കോളേജിൽ ലഭ്യമാകും.
പാരിപ്പള്ളി മെഡി. കോളേജ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |