മഞ്ചേരി : അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത ഉറപ്പ് വരുത്താനും തട്ടിപ്പുകൾ തടയാനും എല്ലാ ജില്ലകളിലും ലീഗൽ മെട്രോളജി വിഭാഗം സ്മാർട്ടായി കൊണ്ടിരിക്കുമ്പോൾ മഞ്ചേരിയിൽ സ്ഥലപരിമിതിയാൽ വീർപ്പുമുട്ടുകയാണ് ജില്ലാ ലീഗൽ മെട്രോളജി ഓഫീസ്.
മഞ്ചേരി മിനി സിവിൽ സ്റ്റേഷനിലെ അളന്ന് മുറിച്ച സ്ഥലത്താണ് ജില്ലാ അളവുതൂക്ക വിഭാഗം പ്രവർത്തിക്കുന്നത്.
അളവു തൂക്കങ്ങളുടെ കൃത്യത നിർണയിക്കാൻ ലീഗൽ മെട്രോളജി സെക്കൻഡറി ലബോറട്ടറി സ്ഥാപിക്കാനാകാതെ ഉപകരണങ്ങൾ പെട്ടിയിലും റാക്കുകളിലുമായി വച്ചിരിക്കുകയാണ്. മറ്റ് ജില്ലകളിൽ രണ്ട് കോടി കേന്ദ്ര ഫണ്ട് ഉപയോഗിച്ച് ലബോറട്ടറിയും ഓഫീസും ആധുനിക രീതിയിൽ സജ്ജമാക്കുമ്പോഴാണ് മഞ്ചേരിയിലെ ഈ അവസ്ഥ.
മിനി സിവിൽ സ്‌റ്റേഷൻ കെട്ടിടത്തിന്റെ ഇട്ടാവട്ടത്തിലാണ് ജില്ലാ ലീഗൽ മെട്രോളജിയുടെ നാല് ഓഫീസുകൾ പ്രവർത്തിക്കുന്നത്. സ്ഥലം നൽകിയാലേ ലാബും കെട്ടിടവും ഒരുക്കാൻ കേന്ദ്രം പണം അനുവദിക്കൂ.
ഡെപ്യൂട്ടി കൺട്രോളർ(ജനറൽ) ഓഫീസ്, ഡെപ്യൂട്ടി കൺട്രോളർ ഫ്ളയിംഗ് സ്‌ക്വാഡ് ഓഫീസ്, ജില്ലാ കൺട്രോളർ ഓഫീസ്, മഞ്ചേരി സർക്കിൾ ഓഫിസ് എന്നിവയാണ് സ്ഥല പരിമിതിയിൽ വലയുന്നത്. ജില്ലയിലെ വിവിധ താലൂക്കുകളിലെ സർക്കിൾ ഓഫീസുകളുടെ ആസ്ഥാനം കൂടിയാണ് മഞ്ചേരി ഓഫീസ്.
അളവുതൂക്ക ഉപകരണങ്ങൾ ബാലൻസ് ചെയ്യാൻ ഉപയോഗിക്കുന്ന അളവുപാത്രങ്ങൾ, സ്‌കെയിലുകൾ, വിവിധ ഗ്രാമിലുള്ള തൂക്കക്കട്ടികൾ, ഓട്ടോ മീറ്റർ, എൽപിജി പമ്പ് പരിശോധന ഉപകരണങ്ങൾ തുടങ്ങിയവ ലബോട്ടറിയില്ലാത്തതിനാൽ പലയിടങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്
ചിലത് പെട്ടിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചിലത് ജീവനക്കാരുടെ ഇരിപ്പിടനത്തിനരികിലും ഫയൽ കുമ്പാരങ്ങൾക്കിടയിലുമാണ്.
ഉപകരണങ്ങളും ഫയലുകളും നീക്കിയിടാൻ ഒരിഞ്ച് സ്ഥലമില്ല.
വർഷങ്ങൾ പഴക്കം ചെന്ന ആയിരക്കണക്കിന് ഫയലുകളും നിരവധി ഉപകരണങ്ങളുമായി ചെറിയ മുറികൾക്കുള്ളിൽ ഏറെ ദുരിതത്തിലാണ് ജില്ലാ ഓഫീസിലുള്ള 17 പേർ കഴിയുന്നത്.
മറ്റു സ്ഥലങ്ങളിൽ മിന്നുന്നു
കേന്ദ്ര ഫണ്ട് ഉപയോഗിച്ച് മറ്റ് ജില്ലകളിൽ ലീഗൽ മെട്രോളജി സെക്കൻഡറി ലബോറട്ടറി ഉൾപ്പെടെ ഓഫീസ് മുഖം മിനുക്കി.
വയനാട് ജില്ലയുടെ ലബോട്ടറി ഉദ്ഘാടനം ഒമ്പതിനാണ്.
പാലക്കാട് നിർമ്മാണം ആരംഭിച്ചു.
റാന്നിയിലും കോട്ടയത്തും വർഷങ്ങൾക്ക് മുമ്പേ സ്വന്തം കെട്ടിടത്തിൽ ലാബ് പ്രവർത്തിച്ച് വരുന്നുണ്ട്.
സർക്കാർ ഓഫീസുകൾ സ്മാർട്ടാകുമ്പോഴാണ് വ്യാപാരികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകൾ ഓഫീസിനെ ആശ്രയിക്കുന്നത്.
ഓഫീസ് ഫർണിച്ചറുകൾ കാലപ്പഴക്കത്തെ അതിജീവിക്കാൻ പാടുപെടുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |