കാളികാവ്: ചോക്കാട് നെല്ലിയാംപാടം ഉന്നതിയിലെ ആദിവാസികളുടെ കുടിവെള്ളം മുട്ടിക്കാൻ പഞ്ചായത്ത്. അനേക വർഷങ്ങളായി 17 കുടുംബങ്ങൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ഏക കിണർ പഞ്ചായത്ത് രേഖയിൽ കാണാനില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി.
ഇതുകാരണം കിണർ നവീകരണത്തിന് ഫണ്ട് അനുവദിക്കാനാവില്ലെന്നാണ് പറയുന്നത്.
കിണറിൽ നിന്ന് വെള്ളം ടാങ്കിലേക്ക് പമ്പു ചെയ്ത് പൈപ്പു വഴിയാണ് വീടുകളിലേക്ക് വെള്ളം എത്തിച്ചിരുന്നത്. അശാസ്ത്രീയമായ നിർമ്മാണം കാരണം ഈ പൈപ്പുകൾ മുഴുവൻ പൊട്ടിപ്പോയതിനാൽ ടാങ്കിൽ വെള്ളം ശേഖരിക്കാൻ കഴിയുന്നില്ല. പ്രശ്നപരിഹാരത്തിന് കഴിഞ്ഞ വർഷം പഞ്ചായത്ത് രണ്ടര ലക്ഷം രൂപ നീക്കിവച്ചിരുന്നു. ഈ ഫണ്ട് ഉപയോഗിക്കാൻ പഞ്ചായത്ത് അനുവദിക്കുന്നില്ലെന്ന് വാർഡ് മെമ്പർ കെ.ടി. മജീദ് പറഞ്ഞു.
അതേ സമയം ഈ കിണർ ജില്ലാ പഞ്ചായഞ്ഞും ഗ്രാമ പഞ്ചായത്തും ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ചതാണ്. അന്ന് രേഖകളും അനുമതികളും ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ കിണറും സ്ഥലവുമില്ലെന്നാണ് പഞ്ചായത്ത് പറയുന്നത്.
കിണറിന്റെയും പൈപ്പു ലൈനിന്റെയും പുനരുദ്ധാരണത്തിന് നടപ്പു സാമ്പത്തിക വർഷം രണ്ടര ലക്ഷം രൂപ ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
ഇതിന്റെ നിർമ്മാണാനുമതിക്കു വേണ്ടി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് കിണർ ആസ്തി രജിസ്റ്ററിലില്ലെന്ന വിചിത്ര വാദവുമായി പഞ്ചായത്ത് അധികൃതർ രംഗത്ത് വന്നിരിക്കുന്നത്.
പല തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫണ്ട് ചെലവഴിച്ച പദ്ധതിയായിട്ടും കിണർ ആസ്തി രജിസ്ടറിൽ കണ്ടെത്താനാകാത്തതിനെ തുടർന്ന് വാർഡ് മെമ്പർ കെ.ടി. മജീദ് മുഖ്യമന്ത്രിക്ക് പരാതി നൽകി.
ഇതേ വിഷയത്തിൽ
മുൻ വാർഡ് അംഗം കെ. ടി സലീനയുടെ നേതൃത്വത്തിൽ ആദിവാസികൾ നേരത്തെ ചോക്കാട് പഞ്ചായത്ത് സെക്രട്ടറിയെ നേരിൽ കണ്ട് വിവരം ധരിപ്പിച്ചിരുന്നു. പരിശോധിച്ച് പരിഹാരമുണ്ടാക്കാമെന്ന് സെക്രട്ടറി പറഞ്ഞിരുന്നു .ഇപ്പോൾ പറയുന്നത് കിണറിന്റെ രേഖകൾ ഹാജരാക്കിയാൽ രജിസ്റ്ററിൽ ചേർത്ത് ഫണ്ട് നൽകാമെന്നാണ്.
നേരത്തെ ഫണ്ട് ചെലവഴിച്ചതിനെ കുറിച്ച് വ്യക്തത നൽകാൻ അധികൃതർ തയ്യാറായിട്ടില്ല.ഇതോടെ നീക്കിവെച്ച ഫണ്ട് നഷ്ടമാകും.
വാർഡ് മെമ്പർ കെ.ടി. മജീദ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |