
കുറ്റ്യാടി: കുറ്റ്യാടി പുഴയിൽ മുഴുവൻ സമയ നീരീക്ഷണ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാവുന്നു. പുഴയിൽ
മരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ മൂന്നാം തിയതി പതിനേഴുകാരിയായ വിദ്യാർത്ഥിനി പുഴയിൽ മുങ്ങി മരിച്ചിരുന്നു. പുഴയോരത്തെ ബന്ധുവീട്ടിൽ അവധിക്കെത്തിയ നാദാപുരത്തുകാരി നജ ഫാത്തിമയാണ് മരിച്ചത്. പുഴയോട് ചേർന്ന ചങ്ങരോത്ത് പഞ്ചായത്തിലെ പാറക്കടവിൽ 2024 സെപ്തംബറിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചിരുന്നു. പുഴയെ മനസിലാക്കാതെയും നീന്തൽ അറിയാതെയും വെള്ളത്തിൽ ഇറങ്ങുന്നതാണ് ജീവഹാനിക്ക് കാരണമാവുന്നത്. മരുതോങ്കര, ചങ്ങരോത്ത് പഞ്ചായത്ത് അതിർത്തികളിലാണ് സ്ഥിരമായി അപകടം ഉണ്ടാവുന്നത്. ഇങ്ങനെ അപകടങ്ങളുണ്ടാവുന്നത് പതിവാണ്. ഇത് പരിഹരിക്കാനായി പുഴയോരത്ത് മുഴുവൻ സമയ നീരീക്ഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചില്ല
വലിയ കയങ്ങൾ ഈ ഭാഗത്ത് ഇല്ലെങ്കിലും അടിയൊഴുക്കും വഴുക്കലും പ്രദേശവാസികൾക്ക് മാത്രമാണ് അറിയാൻ കഴിയുക. ദുരന്തങ്ങൾ നടന്നതിന് ശേഷമാണ് നാട്ടുകാർ സംഭവസ്ഥലങ്ങളിൽ എത്തുന്നത്. ചങ്ങരോത്ത് പഞ്ചായത്തിലെ പുഴയോര ഭാഗത്ത് സ്ഥിരം അപകടമുണ്ടാകുന്ന ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ട പ്രകാരം ഗ്രാമപഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് നടപ്പായില്ല. പുഴയിൽ സംഭവിക്കുന്ന തുടർ മരണങ്ങൾ ആശങ്കയുണ്ടാക്കുന്നുവെന്നും കാലങ്ങളായി ഭരണാധികാരികൾ കാണിക്കുന്ന അവഗണയാണ് കുട്ടികൾ പുഴയിൽ വീണ് മരിക്കാൻ കാരണമെന്ന് പുഴയോര നിവാസിയും സാമൂഹ്യ പ്രവർത്തകനുമായ കോവില്ലത്ത് നൗഷാദും കുറ്റ്യാടി കേന്ദ്രീകരിച്ച് അഗ്നിശമന രക്ഷാകേന്ദ്രവും പുഴയോര നീരീക്ഷണവും ആവശ്യമാണെന്നും കാലങ്ങളായി കുറ്റ്യാടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ ശബ്ദമുയർത്തുകയാണെന്ന് സാമുഹ്യ പ്രവർത്തകനായ എ.കെ.വിജീഷും പറഞ്ഞു.
കുറ്റ്യാടി, മരുതോങ്കര ഭാഗങ്ങളിലെ പുഴയോരത്ത് സംരക്ഷണഭിത്തി കെട്ടണമെന്നും പരിചയമല്ലാത്തവർ പുഴ സന്ദർശിക്കുന്നത് നിരീക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും
കെ.കെ.പാർത്ഥൻ, മരുതോങ്കര പഞ്ചായത്ത് കൺവീനർ (യു.ഡി.എഫ്)
പ്ലസ്‌ടുവിന് അഡ്‌മിഷൻ ലഭിക്കാൻ നീന്തൽ പരിചയം നിർബന്ധമാക്കിയിരുന്നെങ്കിലും സർട്ടിഫിക്കറ്റ് സമ്പാദിക്കുകയല്ലാതെ ബഹുഭൂരിപക്ഷം കുട്ടികളും നീന്തൽ പഠിക്കാൻ താത്പര്യം കാണിക്കുന്നില്ല. ഈ വിഷയത്തിൽ അധികാരികളുടെ ശ്രദ്ധ പതിയണം.
ഉബൈദ് വാഴയിൽ, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |