* 500 ഓളം ക്യാമറകൾ പരിശോധിച്ചു
കൊച്ചി: എറണാകുളം നഗരത്തിന്റെ തിരക്കൊഴിഞ്ഞ ഇടറോഡുകളിൽ വഴിയാത്രക്കാരായ യുവതികളെയും പെൺകുട്ടികളെയും കടന്നുപിടിച്ച് ഉപദ്രവിക്കുന്ന യുവാക്കളെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ അരൂക്കുറ്റി വടുതല ഷെഫീക്ക് മൻസിലിൽ താമസിക്കുന്ന എറണാകുളം മണപ്പാട്ടിപ്പറമ്പ് സ്വദേശി മുഹമ്മദ് അൻഷാദ് (19), എറണാകുളം സി.പി. ഉമ്മർറോഡിന് സമീപം കരിത്തലപ്പറമ്പ് വീട്ടിൽ മുഹമ്മദ് റിസാക്ക് (18) എന്നിവരാണ് പിടിയിലായത്.
ഇരുവരും സുഹൃത്തുക്കളും പ്ലസ് ടു പഠനം കഴിഞ്ഞവരുമാണ്. റിസാക്കിന്റെ ബന്ധുവിന്റെ ബൈക്കിൽ ചുറ്റിക്കറങ്ങിയാണ് സ്ത്രീകളെ ഉപദ്രവിക്കുന്നത്. ഇടവഴികളിലൂടെ തനിച്ച് സഞ്ചരിക്കുന്ന പെൺകുട്ടികളാണ് ഇരകൾ. പലരും നാണക്കേട് ഭയന്ന് പരാതിപ്പെടാതിരുന്നത് ഇവർക്ക് പ്രചോദനമായതായി പൊലീസ് അറിയിച്ചു. കലൂർ ഷേണായീസ് റോഡിൽ യുവാക്കളുടെ ലൈംഗിക അതിക്രമത്തിന് വിധേയയായ യുവതി നൽകിയ പരാതിയിൽ വെള്ളിയാഴ്ച കേസെടുത്തിരുന്നു. പരാതിക്കാരി നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ കലൂർ, കടവന്ത്ര, പാലാരിവട്ടം ഭാഗത്തെ 500 ഓളം ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.
നോർത്ത് എസ്.എച്ച്.ഒ ജിജിൻ ജോസഫ്, എസ്.ഐ മാരായ പ്രമോദ്, അനീഷ്, സി.പി.ഒമാരായ ഷിബു, ബിനോജ് കുമാർ, റിനു എന്നിവരുടെ നേതൃത്തിലാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |