
കഴക്കൂട്ടം: ടെക്നോപാർക്കിലെ ജീവനക്കാർ നേരിടുന്ന രൂക്ഷമായ യാത്രാക്ലേശത്തിന് പരിഹാരവുമായി കെ.എസ്.ആർ.ടി.സി. പുതിയ സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ പി.എസ് പറഞ്ഞു. ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ 'പ്രതിധ്വനി' ടെക്നോപാർക്കിൽ സംഘടിപ്പിച്ച ”കെ.എസ്.ആർ.ടി.സി കണക്ട് സി.എം.ഡി ആൻഡ് ടെക്കീസ്“ ചർച്ചയിലാണ് തീരുമാനം.
വിവിധ ഐ.ടി കമ്പനികളിൽ നിന്നുള്ള ജീവനക്കാർ യാത്രാദുരിതങ്ങളും നിർദ്ദേശങ്ങളും അധികൃതർക്ക് മുന്നിൽ അവതരിപ്പിച്ചു. പാറശാല,കാട്ടാക്കട,നെയ്യാറ്റിൻകര, നെടുമങ്ങാട്,ആറ്റിങ്ങൽ ഡിപ്പോകളിൽ നിന്ന് ടെക്നോപാർക്കിലേക്ക് പുതിയ സർവീസുകൾ ഉടൻ തുടങ്ങാനാണ് തീരുമാനം. ദീർഘദൂര യാത്രക്കാരുടെ സൗകര്യാർത്ഥം കോട്ടയം,എറണാകുളം,ആലുവ,അങ്കമാലി,അടിമാലി,തൊടുപുഴ,തൃശൂർ എന്നിവിടങ്ങളിലേക്കുള്ള ചില സർവീസുകൾ ഈ ആഴ്ച തന്നെ ആരംഭിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.
പ്രതിധ്വനി പ്രതിനിധികളായ രാജീവ് കൃഷ്ണൻ,വിഷ്ണു രാജേന്ദ്രൻ,ജയകൃഷ്ണ.ആർ,ബിസ്മിത,അരുൺ ദാസ് എന്നിവർ ജീവനക്കാരിൽ നിന്ന് ശേഖരിച്ച പരാതികളും നിർദ്ദേശങ്ങളും ചടങ്ങിൽ അവതരിപ്പിച്ചു. കെ.എസ്.ആർ.ടി.സി എക്സിക്യുട്ടീവ് ഡയറക്ടർ പ്രദീപ് കുമാർ,ഐ.ടി വിഭാഗത്തിലെ നിഷാന്ത്,വിവിധ ഡിപ്പോകളിലെ എ.ടി.ഒമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |