
നെയ്യാറ്റിൻകര: കവളാകുളത്ത് ഒരു വയസുകാരൻ ഇഹാനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ കൃഷ്ണപ്രിയക്ക് പങ്കുണ്ടെന്ന ആരോപണവുമായി പ്രതി ഷിജിലിന്റെ മാതാപിതാക്കൾ രംഗത്ത്. നെയ്യാറ്റിൻകര പൊലീസ് ഷിജിലിനെ നിർബന്ധിച്ച് പ്രതിയാക്കുകയായിരുന്നെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും ഷിജിലിന്റെ മാതാപിതാക്കളായ വിജയനും ഷീലയും കേരളകൗമുദിയോട് പറഞ്ഞു.
ഏതു സമയത്തും കൃഷ്ണപ്രിയ കുഞ്ഞിനെ ഒപ്പം കൊണ്ടു നടക്കുമായിരുന്നു. ബാത്ത്റൂമിൽ പോകുമ്പോഴും കുഞ്ഞിനെ ഒപ്പം കൂട്ടി. കുഞ്ഞ് മരിച്ചതിനു പിന്നാലെ പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുഞ്ഞിന്റെ വയറ്റിലും കൈയിലും മുറിപ്പാട് ഉണ്ടായതെങ്ങനെയെന്നുളള ചോദ്യത്തിന് അറിയില്ലെന്നാണ് കൃഷ്ണപ്രിയയുടെ മറുപടി. പകൽ മുഴുവൻ ജോലിക്ക് പോയ ശേഷം രാത്രി വീട്ടിൽ തിരിച്ചെത്താറുള്ള ഷിജിലിന് കുഞ്ഞിനെ ഇഷ്ടമായിരുന്നെന്നും അമ്മ ഷീല പറയുന്നു.
തന്റെ ഗർഭസ്ഥ ശിശു മൂന്ന് മാസത്തിനുള്ളിൽ അബോർഷനായി പോയില്ലെങ്കിൽ ഒരു വയസാകുമ്പോൾ മരിക്കുമെന്ന് മാറനല്ലൂരിലെ ഒരു പാസ്റ്റർ പറഞ്ഞിരുന്നതായി കൃഷ്ണപ്രിയ വീട്ടിൽ പറയുമായിരുന്നു. ഇതേക്കുറിച്ച് കൂടുതൽ അന്വേഷിക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |