
അന്തിക്കാട് : അരിമ്പൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ധനുപ്പൂയ മഹോത്സവത്തിനിടെ നടന്ന കാവടിയാട്ടത്തിനിടെ പതിനാറുകാരനെ ആക്രമിച്ച കേസിൽ നാല് പ്രതികൾ പിടിയിൽ. അരിമ്പൂർ നാലാംകല്ല് ചേന്ദംകുളം വീട്ടിൽ ശ്രീഷ്ണവ് (20), വെളുത്തൂർ നങ്ങേലി വീട്ടിൽ സ്മിജിൻ (19), അരിമ്പൂർ മാങ്ങാട്ട് വീട്ടിൽ ശ്രീഹരി (19), അരിമ്പൂർ നാലാംകല്ല് കണ്ണോളി വീട്ടിൽ രാജേഷ് (19) എന്നിവരെയാണ് അന്തിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ജനുവരി ആറിന് വൈകിട്ട് ആറോടെ അരിമ്പൂർ ഓളന്തലിപാറ കുളത്തിന് സമീപം കുട്ടിയെ കൈകൊണ്ടും വടികൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും അസഭ്യം പറയുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയുമായിരുന്നു. തലേന്ന് അരിമ്പൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ധനുപ്പൂയ മഹോത്സവത്തിനിടെ ഡാൻസ് കളിക്കുന്നതിനിടയിൽ പ്രതി പതിനാറുകാരന്റെ ദേഹത്തേക്ക് വീണപ്പോൾ തള്ളി മാറ്റിയ വൈരാഗ്യത്താലായിരുന്നു അതിക്രമം. പ്രതികൾ കുട്ടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാദ്ധ്യമം വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് അന്തിക്കാട് പൊലീസ് തുടർ നടപടികൾ സ്വീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |