SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.50 PM IST

കനിവുകാത്ത് മുല്ലശ്ശേരി കൈത്തറി നെയ്ത്ത് സംഘം

Increase Font Size Decrease Font Size Print Page
uuuuu

നെയ്യാറ്റിൻകര: കൈത്തറി തൊഴിലാളികളോടുള്ള അധികൃതരുടെ അവഗണയായി മാറുകയാണ് പഴയ ഉച്ചക്കട മുല്ലശ്ശേരി കൈത്തറി നെയ്ത്ത് സംഘം. അറുപത്തിയെട്ട് വർഷം പഴക്കമുള്ള ഈ സംഘത്തിന്റെ കെട്ടിടം ജീ‌ർണിച്ച അവസ്ഥയിലാണ്. ഏതുസമയത്തും നിലം പൊത്താവുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര തകർന്ന നിലയിലാണ്. ചുവരുകൾ വിണ്ടുകീറി. ഇത് പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിയണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

നാൾവഴി ഇങ്ങനെ

ധാരാളം നെയ്ത്ത് തൊഴിലാളി കുടംബങ്ങൾ ഇടതിങ്ങി പാ‌ർക്കുന്ന പഴയ ഉച്ചകട കേന്ദ്രമാക്കി 1957ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ച സഹകരണ സംഘമാണ് മുല്ലശ്ശേരി കൈത്തറി നെയ്ത്ത് സംഘം. നെയ്യാറ്റിൻകര താലൂക്കിലെ കാരോട്,കുളത്തൂർ,ചെങ്കൽ എന്നീ പഞ്ചായത്ത് പ്രദേശങ്ങളിൽ ഉൾപ്പെട്ടതായിരുന്നു പ്രവർത്തനം. പ്രവർത്തനപരിധിയിൽ മുന്നൂറിലേറെ കൈത്തറി തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. നിലവിൽ സംഘത്തിൽ 319 അംഗങ്ങളാണുള്ളത്. ഡിപ്പാർട്ട്മെന്റ് പരിശോധന നടത്തി അംഗീകരിച്ച152 തറികളുണ്ട്. 90 തറികൾ സംഘത്തിന്റെ വർക്ക് ഷെഡ്ഡിലുണ്ട്. കാരോട് വില്ലേജിൽ19 സെന്റ് സ്ഥലവും കെട്ടിടവും ഉണ്ട്. ഇതിൽ സ്ഥിതിചെയ്യുന്ന ഓഫീസ് കെട്ടിടം 1885ൽ പ്രവർത്തനമാരംഭിച്ചതാണ്. ഈ കെട്ടിടമാണ് വർഷങ്ങളായി തിരഞ്ഞെടുപ്പ് പോളിംഗ് സ്റ്റേഷനായി സർക്കാർ ഉപയോഗിച്ചിരുന്നത്.

കെട്ടിടം പുനർനിർമ്മിക്കണം

2014ൽ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ താല്പര്യപ്രകാരം മുടങ്ങിക്കിടന്ന സംഘം പുനഃരാരംഭിച്ച് തുണിത്തരങ്ങൾ ഉത്പാദിപ്പിച്ചുതുടങ്ങിയതാണ്. തുണിത്തരങ്ങൾക്ക് ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള നടപടിയും പൂ‌ർത്തിയായി. മുഖ്യമന്ത്രിയുടെ 2023ലെ കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തിൽ സംഘത്തിന്റെ ജീർണിച്ച കെട്ടിടത്തിന്റെ അവസ്ഥയെക്കുറിച്ച് പരാതി നൽകിയിട്ടും നടപടിയായില്ല. ജീർണിച്ചതും അപകടാവസ്ഥയിലുമായ ഓഫീസിനകത്ത് ഓഫീസിനും ഗോഡൗണും പ്രവർത്തിക്കാൻ കഴിയുന്നില്ല. കെട്ടിടം ജീർണാവസ്ഥയിലാണെന്ന് നെയ്യാറ്റിൻകര ബിൽഡിംഗ് സെക്ഷൻ എ.ഇ റിപ്പോ‌ർട്ടും നൽകി. ഇത് ജില്ലാ സഹകരണ വകുപ്പിലെത്തിച്ചെങ്കിലും നടപടിയായില്ല.

40വർഷം കഴിഞ്ഞ കെട്ടിടങ്ങൾ പുതിക്കിപ്പണിയണമെന്നാണ് ഔദ്യോഗിക നിർദ്ദേശം. സംഘത്തെ ആശ്രയിച്ച് കഴിയുന്ന പരമ്പരാഗത കൈകത്തറി തൊഴിലാളി കുടുംബങ്ങളെ സഹായിക്കണമെന്നാണ് സംഘം ഭരണസമിതിയുടെ ആവശ്യം.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY