SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

അപകടകരമായ കേബിളുകൾ : നടപടി തുടങ്ങി നഗരസഭ

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: നഗരത്തിലെ പോസ്റ്റുകളിൽ അപകടകരമായ രീതിയിൽ താഴ്ന്നുകിടക്കുന്ന ടെലികോം/കേബിൾ ടിവി/ഇന്റർനെറ്റ് സർവീസ് ദാതാക്കളുടെ കേബിളുകൾ നീക്കം ചെയ്യാൻ പ്രാരംഭ നടപടിയുമായി നഗരസഭ. നഗരഹൃദയത്തിലടക്കം പലഭാഗത്തും കേബിളുകളിൽ കുരുങ്ങി യാത്രക്കാർക്ക് ഗുരുതരമായ പരിക്കേൽക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതായി നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്‍ണൻ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് നഗരസഭ കൗൺസിലിന്റെ തീരുമാനത്തോടെ നടപടി തുടങ്ങിയത്.

ഇത്തരം കേബിളുകൾ കണ്ടെത്താൻ ഓരോ വാർഡിലെയും ചുമതലയുള്ള എൻജിനിയർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 6ന് നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചേർന്ന് പ്രവർത്തനത്തെക്കുറിച്ച് അന്തിമ രൂപമുണ്ടാക്കും. അതിന് ശേഷം ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് പദ്ധതിക്ക് അന്തിമ രൂപം നൽകും.
കേബിളുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമോപദേശം നൽകാൻ മുൻ ഡി.ജി.പി കൂടിയായ കൗൺസിലർ ആർ.ശ്രീലേഖയുടെ സേവനം നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് ലഭിക്കുമെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ പറഞ്ഞു.

മുമ്പ് ഉപയോഗത്തിലിരുന്നതും പിന്നീട് ശേഷികൂടിയ കേബിളുകൾ ഉപയോഗിച്ചുതുടങ്ങിയതോടെ ഉപേക്ഷിക്കപ്പെട്ടതുമായ ആയിരക്കണക്കിന് കിലോമീറ്റർ പഴയ കേബിളുകൾ പോസ്റ്റുകളിൽ നിന്ന് നീക്കം ചെയ്യാത്ത നിലയിൽ ഇപ്പോഴും കിടക്കുന്നതാണ് പ്രധാന അപകട ഭീഷണി. കെ.എസ്.ഇ.ബിയുടെ പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുള്ള ഇത്തരം കേബിളുകൾ ഏത് സർവീസ് ദാതാവിന്റേതെന്നറിയാൻ ടാഗ് ചെയ്യണമെന്ന് നിർദ്ദേശമുണ്ടെങ്കിലും പൂർണമായും നടപ്പായിട്ടില്ല.



തീരുമാനങ്ങൾ

റോഡ് മുറിച്ചു കടക്കുന്ന കേബിളുകൾ 5.8 മീറ്ററിലും ഇടറോഡുകളിലെ കേബിളുകൾ

5 മീറ്ററിലും താഴെ ഉണ്ടാകാൻ പാടില്ല. ഈ പരിധി ലംഘിക്കുന്ന കേബിളുകൾ മുറിച്ചു മാറ്റും.

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഡക്ട് സൗകര്യം ഏർപ്പെടുത്തിയ റോഡുകളിൽ ഓവർഹെഡ് കേബിളുകൾ അനുവദിക്കില്ല .

കേബിളുകളുടെ ക്രമീകരണം നിരീക്ഷിക്കുന്നതിനായി നഗരസഭ സെക്രട്ടറി,കെ.എസ്.ഇ.ബി പ്രതിനിധി,

പൊലീസ് പ്രതിനിധി,നഗരസഭ എൻജിനിയർ എന്നിവർ ഉൾപ്പെട്ട സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കും .

നിയമലംഘനം തുടരുന്ന ഓപ്പറേറ്റർമാർക്കെതിരെ കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം പിഴ ചുമത്തും. ലൈസൻസ് റദ്ദാക്കും.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY