SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.33 PM IST

ആറ്റുകാൽ പൊങ്കാല മഹോത്സവം: മുന്നൊരുക്കങ്ങൾ 20ന് മുമ്പ് പൂർത്തിയാക്കണം

Increase Font Size Decrease Font Size Print Page

attukal

സുരക്ഷയ്ക്ക് പൊലീസിന് അ‌ഞ്ച് വാച്ച് ടവറുകൾ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിട്ട് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പൊലീസ് അഞ്ച് വാച്ച് ടവറുകളും എട്ട് സ്ഥലങ്ങളിൽ 13 മെഗാഫോണുകളും ഏർപ്പെടുത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ കെ.കാർത്തിക് അവലോകന യോഗത്തിൽ അറിയിച്ചു.23 മുതൽ മാർച്ച് 4 വരെ നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകനയോഗം മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്നു.പൊങ്കാലയോടനുബന്ധിച്ചുള്ള എല്ലാ പ്രവൃത്തികളും 20ന് മുമ്പ് പൂർത്തീകരിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകി.76 സി.സി.ടി.വി ക്യാമറകൾ അധികമായി പൊലീസ് ക്രമീകരിക്കും. പൊങ്കാല ദിവസത്തെ തിരക്ക് നിയന്ത്രിക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും ക്ഷേത്രത്തിന് ചുറ്റുമുള്ള 14 സ്ഥലങ്ങളിൽ ബാരിക്കേഡുകൾ ക്രമീകരിക്കും.റോഡുകളുടെ ടാറിംഗ് 15ന് മുമ്പ് പൂർത്തിയാക്കും.ഫയർ ഫോഴ്സ് വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 400 പേരെ നിയോഗിക്കും. പൊങ്കാല ദിവസം രണ്ട് ഫയർ എൻജിനുകൾ സജ്ജമാക്കും. ഫയർ ഓഡിറ്റ് നടത്തും.എക്‌സൈസിന്റെ നേതൃത്വത്തിൽ വനിതാ ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി കൺട്രോൾ റൂം സജ്ജീകരിക്കും. സമീപത്തെ കടകളിലും പരിസരങ്ങളിലും പരിശോധന നടത്തും.കോർപ്പറേഷൻ മേയർ വി.വി. രാജേഷ്,പൊങ്കാല നോഡൽ ഓഫീസർ സബ് കളക്ടർ ആൽഫ്രഡ് ഒ.വി, എ.ഡി.എം വിനീത് ടി.കെ, ഡി.സി.പി ദീപക് ധൻകർ, ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് വി.ശോഭ ചെയർമാൻ എസ്.വേണുഗോപാൽ, സെക്രട്ടറി കെ.ശരത് കുമാർ, ജോയിന്റ് ജനറൽ കൺവീനർ വി.എൽ. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

ഡോക്ടർമാരുടെ സേവനം

കുത്തിയോട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ശിശുരോഗവിദഗ്ദ്ധൻ ഉൾപ്പെടെയുള്ളവരുടെ സേവനം ഉറപ്പാക്കും

23 മുതൽ മാർച്ച് 3 വരെ രാവിലെ 7 മുതൽ രാത്രി 10 വരെ മെഡിക്കൽ ടീമിന്റെ സേവനം ക്ഷേത്രപരിസരത്ത് ഉണ്ടാകും.

പൊങ്കാല ദിവസം ഒരു മെഡിക്കൽ ടീമിനെ കൂടി സജ്ജമാക്കും

പൊങ്കാല ദിവസം തീപ്പൊള്ളൽ ഏൽക്കുന്നതിന് സാദ്ധ്യത കണക്കിലെടുത്ത് സമീപത്തുള്ള സർക്കാർ സ്വകാര്യ ആശുപത്രികളിൽ സൗകര്യം ഒരുക്കും.

മാർച്ച് 2,3,4 തീയതികളിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ അഞ്ച് സ്ഥലങ്ങളിൽ വായു ഗുണനിലവാര നിരീക്ഷണം നടത്തും.

ശബ്ദനില നിരീക്ഷണത്തിനായി സ്‌ക്വാഡിനെ ഏർപ്പെടുത്തി.

 പൊടി പടരുന്നത് തടയാൻ വാട്ടർ സ്‌പ്രേയിംഗ് നടത്തും

കെ.എസ്.ആർ.ടി.സി ആവശ്യാനുസരണം ബസ് സർവീസുകൾ നടത്തും

മാർച്ച് 3ന് അവധി

പൊങ്കാലദിനമായ മാർച്ച് 3ന് അവധിയായിരിക്കുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെയും നേതൃത്വത്തിൽ ക്ഷേത്ര പരിസരത്ത് കൺട്രോൾ റൂം സജ്ജമാക്കും.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY