
കാൽനട - ബൈക്ക് യാത്രക്കാർ ഭീതിയിൽ
ചിറയിൻകീഴ്: അഴൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം.നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം ദിനവും വർദ്ധിച്ച് വരികയാണ്.പെരുങ്ങുഴി ജംഗ്ഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സന്ധ്യ മുതൽ വാഹനങ്ങൾക്കും,കാൽനടയാത്രക്കാർക്കും സഞ്ചരിക്കാൻ കഴിയാത്ത വിധം ഇവയുടെ ശല്യം വർദ്ധിച്ചിരിക്കുകയാണ്.ഇക്കഴിഞ്ഞ ദിവസം രാത്രിയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഇരുചക്ര വാഹനയാത്രക്കാരന് പരിക്കേറ്റിരുന്നു.
സ്കൂൾ കുട്ടികളെ ഇവയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാനായി സ്കൂളുകളിൽ കൊണ്ടെത്തിച്ച് തിരിച്ചു വിളിച്ചുകൊണ്ടുപോകുന്ന രക്ഷിതാക്കളുമുണ്ട്.
റോഡിൽ വലിച്ചെറിയുന്ന മാലിന്യമാണ് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാക്കുന്നത്.വീടുകളിലുണ്ടാക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ പോലും റോഡരികിൽ തള്ളുന്നത് ഇപ്പോൾ പതിവാണ്.ഭക്ഷണം കിട്ടാതെ വരുമ്പോഴാണ് നായ്ക്കൾ മനുഷ്യനുനേരെ തിരിയുന്നത്. പ്രദേശത്തെ നായ ശല്യം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റ് ഇപ്പോഴും ചികിത്സയിൽ കഴിയുന്നവർ നിരവധി
കടിപിടി കൂടിക്കൊണ്ട് റോഡിലേക്ക് ഒന്നിന് പിറകെ ഒന്നായി ഓടിയെത്തുന്ന നായ്ക്കളും,കൊടുംവളവുകളിൽ വാഹനങ്ങൾക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായി ചാടിയിറങ്ങുന്നവയും ബൈക്ക് യാത്രക്കാർക്ക് ഭീഷണിയാകുന്നു
തെരുവ് നായ്ക്കൾ വളർത്തുമൃഗങ്ങളെയും പക്ഷികളെയും കൂട്ടത്തോടെ കൊല്ലുന്നു.
അതിരാവിലെ പത്ര വിതരണത്തിന് പോകുന്നവർക്കും തെരുവ് നായ്ക്കൾ ഭീഷണിയാകുന്നു
സമീപ പഞ്ചായത്തുകളിൽ നിന്നും,കോർപ്പറേഷൻ മേഖലകളിൽ നിന്നും വന്ധ്യംകരിച്ച നായ്ക്കളെ അഴൂർ പഞ്ചായത്തിൽ ഉപേക്ഷിക്കുന്നതായി സംശയമുണ്ട്.നായ ശല്യത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
രഞ്ജിത്ത് പെരുങ്ങുഴി, വാർഡ് മെമ്പർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |