SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.47 PM IST

പണിമുടക്കിൽ സ്തംഭിച്ച് തലസ്ഥാനം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: ലേബർ കോഡ് അടക്കം കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-ജനവിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്ക് ജില്ലയിൽ പൂർണം.ഗ്രാമ-നഗരഭേദമില്ലാതെ പണിമുടക്ക് ജനങ്ങളെ ബാധിച്ചു.കെ.എസ്.ആർ.ടി.സി തൊഴിലാളി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും പണിമുടക്കിന്റെ ഭാഗമായതോടെ ജില്ലയിൽ പൊതുഗതാഗതം തടസപ്പെട്ടു. ടാക്‌സി, ഓട്ടോ തൊഴിലാളികളും സമരത്തിൽ പങ്കാളികളായി.സ്വകാര്യ വാഹനങ്ങളെ തടയില്ലെന്ന് സമരസമിതി അറിയിച്ചിരുന്നതിനാൽ നിരത്തിലിറങ്ങി.
തമ്പാനൂരിൽ പാലക്കാട് നിന്നെത്തിയ കെ.എസ്.ആർ.ടി.സി ബസ് സമരാനുകൂലികൾ തടഞ്ഞു. യാത്രക്കാരെ ഇറക്കിയ ശേഷം ബസ് മാറ്റി പാർക്ക് ചെയ്യാൻ സമരക്കാർ ആവശ്യപ്പെടുകയായിരുന്നു.റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലുമെത്തിയ യാത്രക്കാർ വീടുകളിലേക്ക് മടങ്ങാനാവാതെ ഏറെ നേരം കാത്തുനിൽക്കേണ്ടിവന്നു. ഇങ്ങനെ കുടുങ്ങിയവർക്ക് പൊലീസ് പ്രത്യേക യാത്രാസൗകര്യം ഒരുക്കിയത് ആശ്വാസമായി.തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിലെത്തി രോഗികളെ പൊലീസ് വാഹനങ്ങളിൽ മെഡിക്കൽ കോളേജ്,ആർ.സി.സി ആശുപത്രികളിലെത്തിക്കാൻ ക്രമീകരണമൊരുക്കിയിരുന്നു. കടകളും ഹോട്ടലുകളും പൂർണമായി അടഞ്ഞുകിടന്നത് അവശ്യസേവന മേഖലയിൽ ജോലിക്കെത്തിയവരെയടക്കം വലച്ചു. റെയിൽവേ സ്‌റ്റേഷനുകളിലെ ക്യാന്റീനുകൾ മാത്രമാണ് പ്രവർത്തിച്ചത്.ഇവിടങ്ങളിൽ വൻതിരക്കുമായിരുന്നു. കുടിവെള്ളംപോലും കിട്ടാതെ വലഞ്ഞവരും നിരവധി.സംയുക്ത ട്രേഡ് യൂണിയൻ സമിതി നേതൃത്വത്തിൽ മ്യൂസിയം ജംഗ്ഷനിൽനിന്ന് ലോക്ഭവനിലേക്ക് നടത്തിയ മാർച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം,കെ.പി.രാജേന്ദ്രൻ, ആനാവൂർ നാഗപ്പൻ, സുനിൽ കുമാർ,എസ്.പുഷ്പലത എന്നിവർ നേതൃത്വം നൽകി.ഐ.എൻ.ടി.യു.സി നേതൃത്വത്തിലുള്ള സംയുക്ത ട്രേഡ് യൂണിയൻ ആർ.എം.എസിന് മുന്നിൽ നടത്തിയ പൊതുസമ്മേളനം കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. വി.ആർ.പ്രതാപൻ,വി.ജെ.ജോസഫ്,ജെ.സതികുമാരി,ജി.മാഹീൻ അബൂബേക്കർ,എ. ജ്യോതിഷ് കുമാർ,ആനയറ രമേശ്,കെ.എം അബ്ദുൽ സലാം,എസ്.എസ്. സജികുമാരി,എം.എസ്.താജുദ്ദീൻ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY