SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.50 PM IST

ജലാശയങ്ങളിലെ മാലിന്യ നിക്ഷേപം കണ്ണൂരിൽ പിഴയിട്ടത് 19,13,500 രൂപ

Increase Font Size Decrease Font Size Print Page
malinyam
മാലിന്യ നിക്ഷേപം

കാസ‌ർകോട് ജില്ലയിൽ 3,86,000 രൂപ

സംസ്ഥാനത്ത് 2,03,52,740 രൂപ

കണ്ണൂർ: പുഴകളിലും തോടുകളിലും മറ്റ് ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ജില്ലയിൽ ചുമത്തിയ പിഴ 19,13,500 രൂപ. ഇതിൽ ജലാശയങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയിൽ മൂന്ന് കേസുകളും പഞ്ചായത്ത് സെക്രട്ടറിമാർ പിഴ ചുമത്തിയത് 362 കേസുകളുമാണ്. കാസ‌ർകോട് ജില്ലയിൽ ആകെ 99 കേസുകളിൽ 3,86,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 3500 കേസുകളിലായി 2,03,52,740 രൂപയാണ് പിഴ ചുമത്തിയത്.

2022 മുതൽ മാലിന്യ സംസ്കരണ നിയമ ലംഘനകൾക്കെതിരെ നിയമനടപികൾ സ്വീകരിക്കുന്നതിന് പ്രത്യേക എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകരിച്ചിട്ടുണ്ട്. 2023ൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ച സ്ക്വാഡുകൾ 2023 -2026 കാലഘട്ടത്തിൽ ജലാശയങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ടെത്തിയ കുറ്റകൃത്യങ്ങൾക്ക് ചുമത്തിയ പിഴയാണിത്.

മാലിന്യം കാരണം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ പുഴകളിലെ വെള്ളം ഉപയോഗയോഗ്യമല്ലാതായിട്ടുണ്ടെന്ന് അധികൃത‌‌‌ർ പറഞ്ഞു. നാഷണൽ വാട്ട‌ർ ക്വാളിറ്റി മോണിറ്ററിംഗ് പ്രോഗ്രാമിന്റെയും സ്റ്റേറ്റ് വാട്ട‌ർ ക്വാളിറ്റി മോണിറ്ററിംഗ് പ്രോഗ്രാമിന്റെയും ഭാഗമായി കേരളത്തിൽ വിവിധ സ്ഥലങ്ങളിലായി, 352 സ്റ്റേഷനുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഗുണനിലവാര പരിശോധന നടത്തി വരുന്നുണ്ട്.

ജലാശയങ്ങളിൽ സീവേജ് മലിനീകരണം സ്ഥിരീകരിക്കുന്ന കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും കൂടുതലായി കണ്ടുവരുന്നുണ്ട്. സീവേജ് മലിനീകരണം തടയുന്നതിനായി സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളും സീവേജ് നെറ്റ് വർക്കും സ്ഥാപിച്ച് പ്രവ‌ർത്തിപ്പിക്കുന്നതിനുള്ള നടപടികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വാട്ട‌ർ അതോറിറ്റിയും സംയുക്തമായി നടപ്പിലാക്കി വരുന്നതായി അധിക‌ൃത‌ർ പറഞ്ഞു.

കർശ്ശന നിയമമുണ്ട്

2024 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം തൊഴുത്ത്, ഹോട്ടൽ, റസ്റ്റോറന്റ്, വീട്, വ്യവസായ സ്ഥാപനം, ആശുപത്രി അല്ലെങ്കിൽ മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് മലിനജലം, പൊതു അഴുക്കുചാൽ, റോഡ്, തെരുവ്, പൊതുസ്ഥലം, ജലാശയം അല്ലെങ്കിൽ ജലമാർഗ്ഗം എന്നിവിടങ്ങളിലേക്ക് ഒഴുക്കുകയോ ഒഴുകാൻ അനുവദിക്കുകയോ ചെയ്താൽ കുറ്റക്കാരനെതിരെ തദ്ദേശ സെക്രട്ടറിക്ക് അയ്യായിരം രൂപയിൽ കവിയാത്ത പിഴ ചുമത്താം. തുടർ പ്രവ‌ൃത്തികൾക്ക് വരുന്ന ചിലവും ഈടാക്കാവുന്നതാണ്. ജലം മലിനമാക്കുകയോ അല്ലെങ്കിൽ അത്തരം പ്രവൃത്തി ചെയ്യുന്നതിന് ആരെയെങ്കിലും പ്രേരിപ്പിക്കുകയോ ചെയ്താൽ പതിനായിരം രൂപയിൽ കുറയാതെയും അൻപതിനായിരം രൂപയിൽ കവിയാതെയുമുള്ള പിഴയും ആറ് മാസത്തിൽ കുറയാതെയും ഒരു വർഷത്തിൽ കവിയാതെയുമുള്ള തടവും ലഭിക്കാവുന്ന കുറ്റമാണ്.

TAGS: LOCAL NEWS, KANNUR, MALINYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY