
പൂവാർ: പൂവാർ ഫാമിലി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും രാത്രി ചികിത്സ ഉറപ്പുവരുത്തണമെന്നും ആവശ്യം ശക്തമാകുന്നു. വേണ്ടത്ര ഡോക്ടർമാരില്ലാത്തതിനാൽ രാത്രികാല ചികിത്സ പലപ്പോഴും നിഷേധിക്കുന്നുണ്ട്. മറ്റു ജീവനക്കാരും കുറവാണ്. എക്സ്-റേ യൂണിറ്റ് പ്രവർത്തിക്കുന്നില്ല. ഇ.സി.ജി പരിശോധനയുമില്ല. രോഗനിർണയ ലാബും പരിമിതികളോടെയാണ് പ്രവർത്തിക്കുന്നത്. രാത്രി ചികിത്സ ലഭിക്കാതിരിക്കുമ്പോൾ ജീവനക്കാരും നാട്ടുകാരും തമ്മിൽ സംഘർഷങ്ങൾക്ക് ഇടയാക്കാറുമുണ്ട്. പ്രാഥമിക ചികിത്സ പോലും ലഭിക്കാതെയാണ് രാത്രികാലങ്ങളിൽ രോഗികളെ മറ്റ് ആശുപത്രികളിലെക്കെത്തിക്കുന്നത്.
പാർക്കിംഗ് പ്രശ്നം
ആശുപത്രിക്ക് മുന്നിലെ പാർക്കിംഗ് പ്രശ്നം പരിഹരിച്ചിട്ടില്ല. പാർക്കിംഗ് ഗ്രൗണ്ട് നിർമ്മിച്ചെങ്കിലും രോഗികളുമായെത്തുന്ന വാഹനങ്ങൾ ആശുപത്രിക്ക് മുന്നിൽ തന്നെയാണ് പാർക്ക് ചെയ്യുന്നത്. ഇതിനായി സെക്യൂരിറ്റിയുടെ സേവനം ഉറപ്പുവരുത്താൻ ആശുപത്രി വികസന സമിതി തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാത്രിയും പകലും സെക്യൂരിറ്റിയുടെ സേവനമുണ്ടാകണം.
പ്രവേശന കവാടം
കാഞ്ഞിരംകുളം റോഡിൽ അപകടഭീഷണിയുയർത്തി നിന്നിരുന്ന പ്രവേശനകവാടം ഇടിച്ചുമാറ്റിയിട്ട് വർഷങ്ങൾ കഴിഞ്ഞു. പാറശാല ബ്ലോക്ക് പഞ്ചായത്ത് അടിയന്തരമായി നിർമ്മിക്കുമെന്ന് നൽകിയ വാഗ്ദാനവും നടപ്പായിട്ടില്ല.
ജീവനക്കാർ കുറവ്
1956ലാണ് പൂവാറിൽ ആരോഗ്യ കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. ആകെ 56സെന്റ് ഭൂമിയാണ് ആശുപത്രിക്കുള്ളത്. കിടത്തി ചികിത്സയ്ക്ക് 16ബെഡ് നിലവിലുണ്ട്. 8 ഡോക്ടർമാർ വേണ്ടിടത്ത് 6പേരെയുള്ളൂ. ആവശ്യത്തിന് ഡോക്ടർമാരെയും മറ്റു ജീവനക്കാരുടെയും നിയമിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.
പാലിയേറ്റീവ് കെയർ
ഡോക്ടറുടെ സേവനം ഉൾപ്പെടെ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിച്ചിരുന്നതാണ് പാലിയേറ്റീവ് കെയർ സംവിധാനം. 2നഴ്സ്, 1ഫിസിയോ തെറാപ്പിസ്റ്റ്, 1ഡ്രൈവർ എന്നിവർ അടങ്ങിയ ഒരു യൂണിറ്റായാണ് പ്രവർത്തിക്കുന്നത്.എന്നാൽ ഇവർക്ക് ശമ്പളം നൽകിയിട്ട് ആറുമാസം പിന്നിട്ടു. കിടപ്പ് രോഗികളുടെ എണ്ണക്കൂടുതലും ഉദ്യോഗസ്ഥരുടെ കുറവും ഉണ്ടായിട്ടും പരമാവധി കാര്യക്ഷമതയോടെയാണ് പ്രവർത്തനം മുന്നോട്ടുപോകുന്നത്.
പ്രവർത്തിപ്പിക്കാത്ത ഐസൊലേഷൻ വാർഡ്
ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും പ്രവർത്തിപ്പിക്കാൻ കഴിയാതെ കെട്ടിടവും ഉപകരണങ്ങളും ജീർണാവസ്ഥയിലാണ്. ഫിസിയോ തെറാപ്പിക്കും, പാലിയേറ്റീവ് കെയർ യൂണിറ്റും പ്രവർത്തിപ്പിക്കാൻ ഐസൊലേഷൻ വാർഡ് വിട്ടു നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന മെന്റൽ ഹെൽത്ത്, പാലിയോ ഇന്ത്യതുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്കും ഐസൊലേഷൻ വാർഡ് ക്രമീകരിച്ചു നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |