
പൂവാർ: കാഞ്ഞിരംകുളം ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നാല് റോഡുകൾ വന്നുചേരുന്ന ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. രാവിലെയും വൈകിട്ടും മാത്രമേ വാഹനങ്ങളെ നിയന്ത്രിക്കാൻ പൊലീസിന്റെ സേവനമുള്ളു. റോഡിലെ തിരക്ക് നാൾക്കുനാൾ കൂടുകയാണ്. കെ.എസ്.ആർ.ടി.സി ബൈപ്പാസ് റോഡിലൂടെ കൂടുതൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ബസുകളും സമാന്തര സർവീസുകളും വർദ്ധിച്ചു.
പൂവാർ,കരുംകുളം,പുതിയതുറ,പുല്ലുവിള,അടിമലത്തുറ,പഴയകട,പുത്തൻകട തുടങ്ങിയ തീരപ്രദേശങ്ങളിലെ ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്നത് കാഞ്ഞിരംകുളം ടൗണിനെയാണ്.സ്കൂൾ കോളേജ് വിദ്യാർത്ഥികളും ടൗണിലേക്ക് എത്തുന്നുണ്ട്. എട്ട് സ്കൂളുകളാണ് കാഞ്ഞിരംകുളത്ത് പ്രവർത്തിക്കുന്നത്. ആർട്സ് ആൻഡ് സയൻസ് കോളേജ്, ബി.എഡ് കോളേജ്, യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി തുടങ്ങിയവയും പ്രവർത്തിക്കുന്നുണ്ട്.
കാഞ്ഞിരംകുളം ജംഗ്ഷനിലെത്തിച്ചേരുന്ന പ്രധാന റോഡുകൾ
നെയ്യാറ്റിൻകര പഴയകട കാഞ്ഞിരംകുളം,
ബാലരാമപുരം-ആവണവഴി-കാഞ്ഞിരംകുളം
പൂവാർ-പരണിയം കാഞ്ഞിരംകുളം,
വിഴിഞ്ഞം-പുല്ലുവിള-കാഞ്ഞിരംകുളം
സിഗ്നൽ സംവിധാനം അനിവാര്യം
ജില്ലയിലെ എഡ്യൂക്കേഷണൽ ഹബ്ബാണ് കാഞ്ഞിരംകുളം.ഇവിടേക്കെത്തുന്ന വിദ്യാർത്ഥികൾ ഗതാഗതക്കുരുക്കിൽ വലയുകയാണ്. അപകടമുണ്ടാകാതെ റോഡ് ക്രോസ് ചെയ്യുന്നതിന് ബുദ്ധിമുട്ടേറെയാണ്. ബൈപ്പാസ് റോഡ് ഗതാഗതത്തിന് തുറന്നതോടെ ജംഗ്ഷനിൽ എത്തിച്ചേരുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ജംഗ്ഷനിൽ സിഗ്നൽ സംവിധാനവും പൊലീസുകാരെയും ഉറപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കണം
നിയന്ത്രണങ്ങൾ മറികടന്ന് വിവിധ സംഘടനകൾ നിരത്ത് കൈയേറി കൊടിതോരണങ്ങളും ബോർഡുകളും സ്ഥാപിച്ചിരിക്കുന്നതും തിരക്ക് വർദ്ധിപ്പിക്കുന്നു. ഇരുട്ടിന്റെ മറവിൽ ജംഗ്ഷനിൽ സാമൂഹ്യവിരുദ്ധ ശല്യമുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് പരേതനായ കുഞ്ഞുകൃഷ്ണൻ നാടാരുടെ പൂർണ്ണകായ പ്രതിമയുടെ കണ്ണട സാമൂഹ്യ വിരുദ്ധൻ തകർത്തിരുന്നു. പൊലീസ് പ്രതിയെ പിടികൂടിയെങ്കിലും മനോരോഗിയെന്ന കാരണത്താൽ വിട്ടയച്ചു. തകർത്ത കണ്ണട പുനഃസ്ഥാപിച്ചിട്ടുമില്ല. ജംഗ്ഷനെ മലിനമാക്കുന്ന ഫ്ലക്സ് ബോർഡുകളും ബാനറുകളും നീക്കി ടൗൺ വൃത്തിയായി സൂക്ഷിക്കാൻ കൂടുതൽ തെരുവ് വിളക്കുകൾ കത്തിക്കാനും നടപടിയുണ്ടാവണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |