കൊച്ചി: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയശേഷം യാത്രക്കാരന്റെ ഫോൺ തട്ടിയെടുത്ത് കടന്ന മോഷ്ടാവ് അറസ്റ്റിൽ. മട്ടാഞ്ചേരി കൊച്ചങ്ങാടി സ്വദേശി ടി.എസ്. മുൻസിലിനെയാണ് (28) തോപ്പുംപടി പൊലീസ് അറസ്റ്റുചെയ്തത്.
കരുവേലിപ്പടി ബസ് സ്റ്റോപ്പിന് സമീപത്തുനിന്ന് ബൈക്കിന് കൈകാണിച്ച് കയറിയ മുൻസിൽ തോപ്പുംപടിയിലെ ബാറിന് സമീപം എത്തിയപ്പോൾ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ബൈക്ക് നിറുത്തിയ യാത്രക്കാരൻ മൊബൈൽഫോണിൽ സംസാരിക്കാൻ തുടങ്ങവേയാണ് ഫോണും തട്ടിയെടുത്ത് യുവാവ് കടന്നത്.
മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, എറണാകുളം സെൻട്രൽ, കടവന്ത്ര പൊലീസ് സ്റ്റേഷനുകളിലെ നിരവധി മോഷണകേസുകളിലെ പ്രതിയാണ്. എറണാകുളം സെൻട്രൽ പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. തട്ടിയെടുത്ത ഫോൺ ശാസ്ത്രീയ അന്വേഷണത്തിലൂടെ കണ്ടെടുത്തു. തോപ്പുംപടി എസ്.എച്ച്.ഒ എ.എൻ. ഷാജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |