
പാലോട്: ഈറ്റ ഉത്പന്നങ്ങൾ നിർമ്മിച്ചിരുന്ന പരമ്പരാഗത ഈറ്റത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ. അസംസ്കൃത വസ്തുവായ ഈറ്റ കിട്ടാനില്ലാത്തതും നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാത്തതുമാണ് പ്രധാന പ്രശ്നം. ഇടിഞ്ഞാറിൽ പ്രവർത്തിച്ചിരുന്ന ബാംബൂ കോർപ്പറേഷൻ ഓഫീസിന്റെ പ്രവർത്തനം നിലച്ചിട്ട് 4വർഷമായി. ഇരുനൂറോളം പരമ്പരാഗത ഈറ്റ തൊഴിലാളികളാണ് വരുമാനമില്ലാതെ പെരുവഴിയിലായത്.
ഈറ്റത്തൊഴിലാളികളുടെ ഉല്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും വിപണന സാദ്ധ്യത ഉറപ്പാക്കുന്നതിനുമായാണ് പത്തു വർഷങ്ങൾക്ക് മുൻപ് ഇടിഞ്ഞാറിൽ ബാംബൂ കോർപ്പറേഷൻ ശാഖ തുടങ്ങുന്നത്. നെടുമങ്ങാട് താലൂക്കിലെ വിവിധ ഭാഗങ്ങളിലെ സംഘടിതരല്ലാത്ത ഇരുന്നൂറോളം തൊഴിലാളികൾ ഇവിടെ ജോലിചെയ്തിരുന്നു. ഇവിടെ ഉല്പാദിപ്പിക്കുന്നവ കോർപ്പറേഷൻ ശേഖരിച്ച് വിൽക്കുമായിരുന്നു. ഗുണമേന്മയുള്ള ഈറ്റ വിവിധ ജില്ലകളിൽ നിന്നും ശേഖരിച്ച് ഇടിഞ്ഞാറിൽ എത്തിച്ചായിരുന്നു ഉല്പാദനം.
ബാംബൂ കോർപ്പറേഷൻ അടഞ്ഞുതന്നെ
വട്ടി, കുട്ട,മുറം, പായകൾ, കരകൗശല വസ്തുക്കൾ എന്നിവ ഇവിടെ നിർമ്മിച്ചിരുന്നു.ആദ്യഘട്ടത്തിൽ വിവിധ പരിശീലനപരിപാടികളും നടത്തി. ഇന്ന് ഓഫീസിനു മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡ് പോലും നിലവിലില്ല. കെട്ടിടത്തിന്റെ ഉടമസ്ഥന് മൂന്ന് വർഷത്തെ വാടക കുടിശികയുണ്ട്. തൊഴിലാളികൾക്ക് ബാംബൂ കോർപ്പറേഷനിൽ നിന്ന് പെൻഷന് ഉൾപ്പടെയുള്ള സഹായവും ലഭിക്കുന്നില്ല. നാമമാത്രമായ തൊഴിലാളികൾക്ക് മാത്രമാണ് സർക്കാരിന്റെ ക്ഷേമനിധി ആനുകൂല്യം ലഭിക്കുന്നതെന്നും പരാതിയുണ്ട്.
തദ്ദേശീയമായി ഈറ്റ
ശേഖരിക്കാൻ അനുവാദമില്ല
അംഗീകാരമുള്ള പരമ്പരാഗത ഈറ്റത്തൊഴിലാളികൾക്ക് വനത്തിനുള്ളിലെ ഈറ്റ വെട്ടി തലച്ചുമടായി കൊണ്ടുവരാൻ അനുവദിക്കണമെന്ന ആവശ്യം നിലനിൽക്കുന്നുണ്ട്. എന്നാൽ ഇടിഞ്ഞാറും ചുറ്റുമുള്ള മേഖലകളിലെ കൂടുതൽ ഭാഗങ്ങളും കെ.എഫ്.ഡി.സിയുടെ നിയന്ത്രണത്തിലാണ്. ഇവർ വനത്തിനുള്ളിൽ തൊഴിലാളികളെ പ്രവേശിപ്പിക്കാൻ അനുവദിക്കുന്നില്ല. നാട്ടിൽ കാട്ടുമൃഗങ്ങൾ ഇറങ്ങുന്നതിനാൽ വനാതിർത്തിയിലെ ഈറ്റ ശേഖരിക്കാനും കഴിയില്ല. ഈറ്റ കൂടുതലുള്ള പ്രദേശങ്ങളിൽ ആനയിറങ്ങി ഈറ്റ നശിപ്പിക്കുന്നുമുണ്ട്.
പ്രധാന ആവശ്യങ്ങൾ
അംഗീകാരമുള്ള തൊഴിലാളികളെ വനത്തിൽ പ്രവേശിച്ച് ഈറ്റ വെട്ടാൻ അനുവദിക്കുക
ബാംബൂ കോർപ്പറേഷൻ ശാഖ ഉടൻ പ്രവർത്തനക്ഷമമാക്കുക.
പ്രാദേശിക മാർക്കറ്റിൽ 200 രൂപ മുതൽ 350 രൂപവരെ വിലയുണ്ടായിരുന്ന ഈറ്റ ഉത്പന്നങ്ങൾക്ക് ഇന്ന് നൂറുരൂപയിൽ താഴെയാണ് ലഭിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |