കൊച്ചി: യുവതിയുടെ ചിത്രം വാട്സാപ്പിൽ വ്യാജ സ്റ്റാറ്റസാക്കിയിട്ടശേഷം യുവതിയെന്ന വ്യാജേന ആൺ സുഹൃത്തുക്കൾക്ക് അശ്ലീലസന്ദേശങ്ങളയച്ച യുവാവിനെ കൊച്ചി സൈബർക്രൈം പൊലീസ് അറസ്റ്റുചെയ്തു. കൊട്ടാരക്കര സ്വദേശി ഗോകുൽ സാബുവിനെയാണ് കൊച്ചി സൈബർ ക്രൈംപൊലീസ് അറസ്റ്റുചെയ്തത്.
കളമശേരി എച്ച്.എം.ടി കോളനിയിലെ യുവതി നൽകിയ പരാതിയിലാണ് മണിക്കൂറുകൾക്കകം പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഗോകുൽ സാബുവും യുവതിയും പരിചയക്കാരായിരുന്നു. യുവതി അകൽച്ച കാണിച്ചതിന് പ്രതികാരമായിട്ടാണ് പ്രതി വാട്സാപ്പ് സ്റ്റാറ്റസിൽ യുവതിയുടെ പടം ഇട്ട ശേഷം പരിചയക്കാർക്ക് അശ്ലീലസന്ദേശങ്ങൾ അയച്ചത്. ഫെബ്രുവരി 15 മുതലാണ് സന്ദേശങ്ങൾ കൂട്ടുകാരുടെ വാട്സാപ്പിൽ എത്തിത്തുടങ്ങിയത്. ചിലർ യുവതിയാണ് സന്ദേശം അയച്ചതെന്ന് കരുതി പ്രതികരിക്കുകയും ചെയ്തു. സുഹൃത്തുക്കൾ വിളിച്ചപ്പോഴാണ് യുവതി വിവരം അറിയുന്നതും പരാതി നൽകിയതും.
സൈബർ പൊലീസിന്റെ അന്വേഷണത്തിൽ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. യുവതിയുടെ പേരിൽ വാട്സാപ്പ് സന്ദേശം അയച്ച ഫോൺ ഇയാൾ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്ന ഫോൺ അല്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |