SignIn
Kerala Kaumudi Online
Sunday, 08 March 2026 4.21 AM IST

വചസിന്റെ യാത്രകൾ അമ്മച്ചിറകിൽ

Increase Font Size Decrease Font Size Print Page
vachas

കണ്ണൂർ:ചിത്രകലയിലും പഞ്ചഗുസ്തിയിലും ഉയരങ്ങൾ കീഴടക്കുന്ന അഴീക്കോട് ഞണ്ടൻമാടൻ ഹൗസിലെ വചസ് രതീഷ് ഒരു അത്ഭുതമാണ്. ജന്മനാ കാലുകൾ നെഞ്ചോട് ചേർന്നു മടങ്ങിയ അവസ്ഥയിലുള്ള ഈ ആറാംക്ളാസുകാരനെ ഓരോയിടത്തും എടുത്തുനടക്കുന്ന അമ്മ സഫൂല രതീഷ് ഇതിലും വലിയ അത്ഭുതമാണ്.

സഫൂലയുടെ മുഴുവൻ സമയവും വചസിനുള്ളതാണ്. ഇത്ര ചെറിയ പ്രായത്തിൽ വചസ് നേടിയ നേട്ടങ്ങളെല്ലാം എടുത്തുനടന്ന് അമ്മ നേടിക്കൊടുത്തതാണ്. ആ നേട്ടങ്ങളുടെ പട്ടിക കാണുമ്പോൾ ഈ അമ്മയുടെ കരുത്ത് ആളുകൾക്ക് ബോദ്ധ്യപ്പെടും.പഞ്ചഗുസ്തിയിലും ചിത്രരചനയിലുമായി ദേശീയ,​സംസ്ഥാനതലത്തിൽ 125ഓളം ട്രോഫികളും പുരസ്കാരങ്ങളും വചസ് നേടികഴിഞ്ഞു.

രാവിലെ മകനെ ഒരുക്കി മുന്നൂറ് മീറ്റർ ദൂരത്തിലുള്ള അഴീക്കോട് വെസ്റ്റ് യു.പി സ്കൂളിൽ എത്തിക്കണം.ഉച്ചയ്ക്ക് ഭക്ഷണവുമായി പോകണം. വൈകിട്ട് മകനെ എടുത്ത് വീട്ടിലെത്തിക്കണം.മുഖത്ത് ഒരു നറുപുഞ്ചിരിയുമായി അമ്മ ഇതെല്ലാം ചെയ്യുന്നു. അമ്മ വചസിന് അടുത്ത കൂട്ടുകാരിയാണ് . വിവിധ മത്സരത്തിനായി യാത്ര ചെയ്യുമ്പോൾ അമ്മയ്ക്കൊപ്പം റിട്ട. അദ്ധ്യാപികയായ മുത്തശ്ശി കൃഷ്ണവേണിയുമുണ്ടാകും. ബി.കോം ബിരുദധാരിയായ സഫൂല നേരത്തേ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നു.

കുഞ്ഞിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കയിൽ അയൽവാസിയും ദയ അക്കാഡമി ചെയർമാനുമായ ഡോ.എൻ.കെ.സൂരജിന്റെ വാക്കുകളാണ് സഫൂലയ്ക്കും സൗദിയിൽ ജോലി ചെയ്യുന്ന ഭ‌ർത്താവ് രതീഷിനും കരുത്തായത്. നാളെ നാടറിയുന്ന വ്യക്തിയായി മകൻ മാറുമെന്ന ആ വാക്കുകളുടെ കരുത്തിലായിരുന്നു പിന്നീടെല്ലാം.

അത്യുജ്വലം ഈ ബാല്യം

ചിത്രരചനയിലടക്കമുള്ള മികവിനെ മുൻനിർത്തി 2022 ൽ സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യ പുരസ്‌കാരം വചസിനെ തേടിയെത്തിയിരുന്നു.2024 ൽ സാമൂഹിക നീതി വകുപ്പിന്റെ സർഗാത്മക ബാലൻ പുരസ്‌കാരവും 2025 ൽ ബാലസംഘത്തിന്റെ പി.വി.കെ കടമ്പേരി അവാർഡും ഗ്രാമ സ്വരാജ് ബാല പ്രതിഭാ പുരസ്‌കാരവും വചസിനായിരുന്നു. ശിശുക്ഷേമസമിതി നടത്തുന്ന സംസ്ഥാന തല ക്ലിന്റ് സ്മാരക ചിത്രരചനാ മത്സരത്തിൽ തുടർച്ചയായി നാലു തവണയാണ് ഈ കുട്ടി ഒന്നാം സ്ഥാനം നേടിയത്. 'ഇവ ദി കളർ ഓഫ് ലൈഫ്' എന്ന ഷോർട്ട് ഫിലിമിൽ മികച്ച അഭിനയത്തിന് രണ്ട് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡും ലഭിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ല പഞ്ചഗുസ്തി മത്സരത്തിൽ രണ്ട് സ്വർണവും സംസ്ഥാനതലത്തിൽ വെള്ളിയും നേടിയ വചസ് ഗുജറാത്തിൽ മേയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. അഴീക്കോട് ദയ അക്കാഡമിയിൽ നിന്ന് ലഭിക്കുന്ന പിന്തുണയും വചസിന്റെ നേട്ടത്തിന് പിന്നിലുണ്ട്. . ദയ അക്കാഡമിയിലാണ് പഞ്ചഗുസ്തി പരിശീലനം.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.