
വർക്കല: ടൂറിസത്തിനൊപ്പം കായിക മേഖലയ്ക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള സ്പോർട്സ് ട്രെയിനിംഗ് കേന്ദ്രങ്ങൾ വർക്കലയിൽ സാദ്ധ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. അന്താരാഷ്ട്ര നിലവാരമുള്ള കളിസ്ഥലങ്ങളുടെ അഭാവമാണ് വർക്കലയിലെ കായികതാരങ്ങൾ നേരിടുന്ന പ്രധാന പ്രശ്നം. കടൽത്തീരവും കുന്നുകളും കായലുകളും ചേർന്ന പരിസ്ഥിതിയാണ് വർക്കലയുടേത്. പ്രകൃതിയെ പ്രയോജനപ്പെടുത്തി കായിക രംഗത്ത് ഒരു വികസന പദ്ധതിയും ഇതുവരെ നടപ്പിലായിട്ടില്ല. കുന്നുംപ്രദേശങ്ങളിൽ കായിക താരങ്ങളുടെ കരുത്ത് വർദ്ധിപ്പിക്കുന്ന പരിശീലനങ്ങളും കടൽത്തീരങ്ങളിൽ ഓട്ടം,ബീച്ച് വോളിബാൾ,ഫുട്ബോൾ തുടങ്ങിയവയ്ക്കും ഏറെ അനുയോജ്യമാണ്. കായൽ,വാട്ടർ സ്പോർട്സുകൾക്ക് വലിയ സാദ്ധ്യതകൾ നൽകുന്നു.കയാക്കിംഗ്,കനോയിംഗ്,റോയിംഗ് തുടങ്ങിയ ഇനങ്ങൾ വികസിപ്പിക്കാൻ വർക്കലയിലെ കായൽപ്രദേശങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.
യാഥാർത്ഥ്യമാകാതെ ഇൻഡോർ സ്‌റ്റേഡിയം
കായിക യുവജനകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന 14ജില്ലാ സ്‌റ്റേഡിയങ്ങളിൽ ഒന്നാണ് വർക്കല ഇടവയിലെ തോമസ് സെബാസ്റ്റ്യൻ ഇൻഡോർ സ്‌റ്റേഡിയം. 2019ഫെബ്രുവരിയിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും നാളിതുവരെ പദ്ധതി പൂർത്തീകരിച്ചിട്ടില്ല. കിഫ്ബിയിൽ നിന്ന് 58.47കോടി രൂപയുടെ ഭരണാനുമതിയും 34.26 കോടിയുടെ സാമ്പത്തികാനുമതിയും നൽകിയിരുന്നു. അടങ്കൽത്തുക നിശ്ചയിച്ച് കിറ്റ്കൊ നിർമ്മാണച്ചുമതല ഏറ്റെടുത്തെങ്കിലും പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു. കിറ്റ്കൊയെ നീക്കി സ്പോർട്സ് കേരള ഫൗണ്ടേഷന് നിർമ്മാണച്ചുമതല സർക്കാർ നൽകിയിട്ടുണ്ടെങ്കിലും പദ്ധതി യാഥാർത്ഥ്യമാകുന്നത് നീളുകയാണ്.
അന്യാധീനപ്പെട്ട് വെറ്റക്കട പാർക്ക്
കായലോരം ടൂറിസം പദ്ധതിയ്ക്കായി ലക്ഷങ്ങൾ ചെലവഴിച്ച ഇടവ വെറ്റക്കട പാർക്ക് അന്യാധീനപ്പെട്ട നിലയിലാണ്.ആഴം കുറഞ്ഞ കായൽ തീരമായതിനാൽ കൊല്ലം ജില്ലയിൽ നിന്നുൾപ്പെടെ കുട്ടികളെ നീന്തൽ പരിശീലനത്തിനായി മുൻകാലങ്ങളിൽ ഇവിടെ എത്തിച്ചിരുന്നു. കുട്ടികൾക്ക് സ്‌കേറ്റിംഗ് പരിശീലനത്തിനുള്ള സൗകര്യം ഇവിടെയുണ്ടെങ്കിലും പ്രയോജനപ്പെടുത്തിയിട്ടില്ല.
പ്രതികരണം
സ്പോർട്സ് ലഹരിയായി മാറ്റുക എന്നതാണ് ലക്ഷ്യം.ഇതോടെ ലഹരി, മദ്യം ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണം ഗണ്യമായി കുറയും.വർക്കലയിലെ കായിക മേഖലയെ വികസിപ്പിക്കാൻ സമഗ്രമായ പദ്ധതികൾ നടപ്പിലാക്കണം.
വി.അനിൽകുമാർ
വോളിബാൾ അസോസിയേഷൻ ഒഫ് കേരള,
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |