കിളിമാനൂർ: ഗ്യാസ് സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം നേരിട്ടു തുടങ്ങിയതോടെ വിറകിന് ഡിമാൻഡ്. ഇപ്പോൾ വിറക് കിട്ടാനുമില്ല, കിട്ടുന്നതിനാകട്ടെ ഇതുവരെയില്ലാത്ത വിലയും. ഒരാഴ്ചയ്ക്കിടെ ഒരു ടൺ വിറകിന് 1,000രൂപ മുതൽ 2000രൂപ വരെ വർദ്ധിച്ചു. നിലവിൽ പലയിടങ്ങളിലും ടണ്ണിന് 5,000രൂപയ്ക്ക് മുകളിലാണ് വില.
പാചകവാതകം ലഭിക്കാതായതോടെ വീടുകളും ഹോട്ടലുകളും ബേക്കറികളും വലിയ തോതിൽ വിറകിലേക്ക് മാറി. ആവശ്യക്കാർ ഏറിയതോടെ വിറക് വിൽപ്പന ശാലകളിൽ കടുത്ത ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. തടിമില്ലുകളിൽ നിന്ന് വിറക് ശേഖരിക്കാൻ ആളുകളുടെ വലിയ തിരക്കാണ്.പലയിടത്തും സ്റ്റോക്ക് ഇതിനോടകം തീർന്നിട്ടുണ്ട്.
പുളിവിറക് കിട്ടാനില്ല
പുളിവിറകിന് ടണ്ണിന് 5,000രൂപയിൽ നിന്ന് 6,000രൂപയായി വില വർദ്ധിച്ചു. ഇത് കീറി ഉപയോഗയോഗ്യമാക്കി നൽകുമ്പോൾ ടണ്ണിന് 8,500രൂപ വരെ ഈടാക്കുന്നത്. വെഞ്ഞാറമൂട്, കല്ലറ, കിളിമാനൂർ തുടങ്ങിയ ഭാഗങ്ങളിലെ മില്ലുകളിൽ വിറകുണ്ടെങ്കിലും കച്ചവടക്കാർ മുൻകൂട്ടി ബുക്കിംഗ് എടുക്കുകയാണിപ്പോൾ. അറക്കപ്പൊടി,വിറക് കട്ടകൾ എന്നിവയ്ക്കും വില വർദ്ധിച്ചിട്ടുണ്ട്.
അറക്കപ്പൊടിക്കും വില
അറക്കപ്പൊടിക്ക് ടണ്ണിന് 2,500രൂപ വരെയാണ് ഈടാക്കുന്നത്. ഇഷ്ടികച്ചൂളകൾക്കും മൺചൂളകൾക്കുമായി വൻതോതിൽ വിറക് കയറ്റിപ്പോകുന്നതും സാധാരണക്കാർക്ക് വിറക് ലഭിക്കുന്നതിന് പ്രയാസകരമാകുന്നുണ്ട്.
കുത്തനെ ഉയർന്ന് വിറക് വില
(നേരത്തെ----നിലവിൽ)
റബർ വിറക് 4,000- 5,000
ചുള്ളി വിറക് 3,800- 4,500
സമ്മിശ്രവിറക് 3,200 -4,200
പച്ച വിറകാണ് കച്ചവടക്കാർക്ക് നേരിട്ട് ലഭിക്കുന്നത്.അത് ഉണക്കി കൊത്തു കൂലി അടക്കം ഏകദേശം ഒൻപത് രൂപയാണ് ഒരു കിലോ വിറകിന് ചെലവ് വരുന്നത്.പത്ത് രൂപയ്ക്കാണ് ഒരു കിലോ വിറക് വില്പന നടത്തുന്നത്.
വിറക് കിട്ടാൻ പ്രയാസം
നാട്ടിൻ പുറങ്ങളിൽ നിന്നാണ് വിറകുകൾ വില്പന ശാലയിലെത്തുന്നത്. മാവ്,കശുമാവ്,മഞ്ചാടി,ബദാം തുടങ്ങിയ മരങ്ങളാണ് വിറകിന് ഉപയോഗിക്കുന്നത്.പ്ലൈവുഡ് കമ്പനിക്കാർ വലിയ തോതിൽ വിറകുകൾ വാങ്ങുന്നതിനാൽ ചെറുകിട കച്ചവടക്കാർക്ക് വിറക് കിട്ടാൻ പ്രയാസമാണെന്ന് കച്ചവടക്കാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |