
50ലേറെ കേസുകൾ, 3 മരണം
തൊടുപുഴ: നഗരത്തിലെ നിരത്തുകളിൽ വാഹനാപകടങ്ങൾ ആശങ്കയുണർത്തും വിധം വർദ്ധിക്കുന്നു. ഈ വർഷം തൊടുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ അമ്പതിലേറെ അപകടങ്ങളാണ് രജിസ്റ്റർ ചെയ്തത്. വിവിധ അപകടങ്ങളിലായി മൂന്ന് പേർ മരിച്ചിട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിംഗും അമിതവേഗവുമാണ് മിക്ക അപകടങ്ങളുടെയും കാരണം. രാത്രികാലങ്ങളിലാണ് കൂടുതൽ അപകടങ്ങളും നടക്കുന്നത്. രാത്രിയിൽ നഗരത്തിൽ പൊലീസ് പട്രോളിംഗും പരിശോധനയുമുണ്ടെങ്കിലും അപകടത്തിന്റെ തോതിൽ കുറവില്ല. രാത്രി സമയങ്ങളിൽ മദ്യപിച്ചും ലഹരി വസ്തുക്കൾ ഉപയോഗിച്ചുമാണ് പലരും ഡ്രൈവ് ചെയ്യുന്നത്. ഇതും അപകടത്തിന്റെ ആക്കം കൂട്ടുന്നു. ഗതാഗത കുരുക്കിലകപ്പെടുന്ന വാഹനങ്ങളുടെ നീണ്ടനിര മറികടക്കാനായി, ഇരുചക്രവാഹനങ്ങൾ ഓടകൾക്ക് മുകളിലൂടെയും നടപ്പാതയിലൂടെയും ചീറിപ്പായുന്ന സാഹചര്യവുമുണ്ട്. നിറുത്താതെ ഹോൺ മുഴക്കി മറ്റ് യാത്രക്കാരെ ഭീതിപ്പെടുത്തിയാണ് മറ്റ് ചിലരുടെ യാത്ര. ഓരോ അപകടങ്ങൾ കഴിയുമ്പോഴും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും എല്ലാം പാതിവഴിയിലാണ്.
അപകടശേഷം സെറ്റിൽമെന്റ്
കേസ് രജിസ്റ്റർ ചെയ്യുന്നതിന്റെ നാലിരട്ടി വാഹനാപകടങ്ങൾ നഗരത്തിൽ നടക്കുന്നുണ്ട്. എന്നാൽ പല കേസുകളിലും അപകടം നടന്നാൽ പരസ്പരം പറഞ്ഞ് രമ്യതയിലെത്തുകയാണ് പതിവ്. ഇരുകൂട്ടർക്കും സ്വീകാര്യമായ നഷ്ട പരിഹാരം നൽകിയായിരിക്കും ഒത്തുതീർപ്പ്. പരാതിയില്ലെങ്കിൽ പൊലീസും ഇക്കാര്യത്തിൽ അധികം ഇടപെടാറില്ല. എങ്കിലും ചില കേസുകളിൽ അപകടത്തിനിടയാക്കിയ വാഹനഉടമ അധികം കളിക്കാൻ നിന്നാൽ വണ്ടിയടക്കം പൊക്കി കേസ് രജിസ്റ്റർ ചെയ്യുകയോ പെറ്റിയടിക്കുകയോ ചെയ്യും. കൂടുതൽ അപകടങ്ങളും ഇരുചക്രവാഹനങ്ങളും കാറുകളും തമ്മിൽ കൂട്ടിയിടിച്ചാണുണ്ടാകുന്നത്. ബൈക്കുകൾ തമ്മിൽ കൂട്ടയിടിച്ചും കാറുകൾ നിയന്ത്റണം വിട്ടുണ്ടാകുന്ന അപകടങ്ങളും ധാരാളമുണ്ട്. സ്വകാര്യ- കെ.എസ്.ആർ.ടി.സി ബസുകളുടെ അമിതവേഗവും ഇൻഡിക്കേറ്റർ ഇടാതെ ഓട്ടോറിക്ഷകൾ പെട്ടെന്ന് വെട്ടിത്തിരിക്കുന്നതും പലപ്പോഴും അപകടകാരണമാണ്.
അപകടകാരണം
ശ്രദ്ധക്കുറവ്
ഉറക്കക്ഷീണത്തിൽ വാഹനമോടിക്കുന്നത്
മത്സരയോട്ടം
വളവുകളിലെ ഓവർടേക്കിംഗ്
''വാഹനാപകടങ്ങൾ കുറയ്ക്കാൻ നൈറ്റ് പട്രോളിംഗ് ശക്തമാണ്. ഇതിനൊപ്പം വാഹനയാത്രക്കാർക്കും ഡ്രൈവർമാർക്കും ബോധവത്കരണവും നടത്തുന്നുണ്ട് ""
-തൊടുപുഴ ട്രാഫിക് എസ്.ഐ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |