
നെയ്യാറ്റിൻകര: കഴിഞ്ഞ ദിവസം പെയ്തിറങ്ങിയ മഴയിൽ അന്തരീക്ഷം ഒന്നു തണുത്തെങ്കിലും നെയ്യാറ്റിൻകര മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടേയും പ്രവർത്തകരുടെ ചൂടിന് ഒട്ടും കുറവില്ല. ഓശാന ഞായറാഴ്ചയായ ഇന്നലെ സ്ഥാനാർത്ഥികൾ ക്രിസ്തീയ ദേവാലയങ്ങളിലെത്തി തൊഴുതു മടങ്ങി. അസംബ്ളി മണ്ഡലത്തിലെ മുഴുവൻ പ്രദേശങ്ങളും ഇനി ബാക്കി അവശേഷിക്കുന്ന 9 ദിവത്തിനുള്ളിൽ കവർ ചെയ്യാനാണ് സ്ഥാനാർത്ഥികൾ ലക്ഷ്യമിടുന്നത്. മൂന്ന് മുന്നണികളിലെ സ്ഥാനാർത്ഥികളും ഏതാണ് നാല് പഞ്ചായത്തുകളിൽ കൺവെൻഷനുകളും പ്രചാരണവും രണ്ടാംഘട്ടം പൂർത്തിയാക്കിക്കഴിഞ്ഞു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ആൻസലൻ ഇന്നലെ രാവിലെ മുതൽ രാത്രി വരെ പെരുമ്പഴുതൂർ അമരവിള പ്രദേശങ്ങളിലെ മുള്ളറവിള മുതൽ വ്ളാങ്ങാമുറി വരെ ഷെഡ്യൂൾ ചെയ്യപ്പെട്ട 57 കേന്ദ്രങ്ങളിൽ പ്രചാരണം പൂർത്തിയാക്കി. പ്ലാവിള,ആലംപൊറ്റ,ചെമ്മണ്ണുവിള,പുന്നക്കാട്,തേരന്നൂർ,പൂവൻവിള,കളത്തുവിള,പെരുമ്പഴുതൂർ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പ്രചാരണം.
യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.ശക്തൻ ഇന്നലെ രാവിലെ 9ന് ഉദിയൻകുളങ്ങരയിൽ നിന്നാരംഭിച്ച് ചെങ്കൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ചുറ്റിസഞ്ചരിച്ച് ചെങ്കൽ ജംഗ്ഷനിൽ പ്രചാരണ പരിപാടി സമാപിച്ചു. കൊറ്റാമം,പുതുക്കുളം,തോട്ടിൻകര,ആശ്രമനട,മര്യാപുരം,കോടങ്കര എന്നിവിടങ്ങളിലും വലിയകുളം കുരിശടി,പ്ലാങ്കാല,പുളിമൂട്,ത്രിവിക്രമംഗലം തുടങ്ങിയ സ്ഥലങ്ങളിലും സംഘടിപ്പിച്ചിരുന്ന പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തു.
എൻ.ഡി.എ സ്ഥാനാർത്ഥി ചെങ്കൽ രാജശേഖരൻനായർ ഇന്നലെ പ്രധാനമായും ക്രിസ്തീയ ദേവാലയങ്ങളിലും ആയില്യദിവസമായതിനാൽ പ്രധാന നാഗക്ഷേത്രങ്ങളിലും ദർശനം നടത്തി. ചെങ്കൽ കുന്നൻവിള ഇവാഞ്ചലിക്കൽ ചർച്ച് (ഇ.സി.ഐ),ചെങ്കൽ കുറ്റാമത്ത് ഭഗവതി ക്ഷേത്രം,അലത്തറയ്ക്കൽ വേങ്ങമൺ ശ്രീനാഗരാജ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും നേരത്തെ നിശ്ചയിച്ചിരുന്ന ചെങ്കൽ,വട്ടവിള തുടങ്ങിയ സ്ഥലങ്ങളിലെ പ്രചാരണ യോഗങ്ങളിലും പങ്കെടുത്തു.ബി.ഡി.ജെ.എസ് സംഘടനാ നേതാക്കളും ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |