
നെയ്യാറ്റിൻകര: നേമം മണ്ഡലത്തിൽ മൂന്ന് മുന്നണികളിലേയും സ്ഥാനാർത്ഥികൾ വിശ്രമമില്ലാതെ, വാശിയേറിയ പ്രചാരണ തേരോട്ടത്തിൽ. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി മണ്ഡലം പര്യടനം തുടങ്ങുന്നത് ഉച്ച കഴിഞ്ഞാണെങ്കിൽ കെ.എസ്.ശബരിനാഥനും രാജീവ് ചന്ദ്രശേഖറും പുലർച്ചെ മുതൽ വോട്ടഭ്യർത്ഥിച്ച് വിവിധ സ്ഥലങ്ങളിലായി പ്രചാരണത്തിനിറങ്ങുന്നുണ്ട്.
ഇന്നലെ വൈകിട്ട് 3ന് വി.ശിവൻകുട്ടി കുത്തു കല്ലിൻമൂട്ടിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. സ്കൂൾ ജംഗ്ഷൻ, ഇരമം,കമലേശ്വരം,ശ്രീനഗർ, ഗംഗാ നഗർ,വലിയവീട് ലെയിൻ,മുട്ടത്തറ തുടങ്ങി 40ഓളം കേന്ദ്രങ്ങളിലൂടെ പര്യടനം കടന്നുപോയി. രാത്രി 9ന് പെരുനെല്ലി ജംഗ്ഷനിൽ സമാപന സമ്മേളനം നടന്നു. സ്വീകരണ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പാപ്പനംകോട് അജയനും ജനറൽ കൺവീനർ കരമന ഹരിയും നേതൃത്വം നൽകി.
യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്.ശബരീനാഥൻ രാവിലെ തമലം മലങ്കര കാത്തലിക് ചർച്ചിൽ നിന്ന് പ്രചാരണ പരിപാടികൾ ആരംഭിച്ചു. ഇന്നലെയാണ് കെ.എസ്.ശബരീനാഥൻ മണ്ഡലം തല പര്യടനം ആരംഭിച്ചത്.ആറാമട ചർച്ച്,മങ്ങാട് ചർച്ച് എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം രാവിലെ 10ന് നിയോജക മണ്ഡലം തല പ്രചാരണം മുടവൻമുകളിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഉദ്ഘാടനം ചെയ്തു.
എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരന് ഇന്നലെ തിരക്കേറിയ ദിവസമായിരുന്നു. രാവിലെ 8 ന് നേമം എസ്റ്റേറ്റ് വാർഡിലെ പൂഴിക്കുന്ന് സെന്റ് ആന്റണീസ് പള്ളിയിൽ രാജീവ് ചന്ദ്രശേഖർ സന്ദർശനം നടത്തി. ഞായറാഴ്ച കുർബാനയിൽ ഭക്തരോടൊപ്പം ചേർന്നു. ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന പള്ളികളിൽ ഒന്നാണിത്. ഫാദ. വിൽഫ്രഡുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കുർബാന കഴിഞ്ഞപ്പോൾ ഭക്തരെ കണ്ട് വോട്ടഭ്യർത്ഥിച്ചു. പ്രധാനമന്ത്രി തൃശ്ശൂരും പാലക്കാടും പറയുന്ന കാര്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശിവൻകുട്ടിയുടെ ശ്രമമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |