
പൂവാർ: വിദേശികളും സ്വദേശികളും ധാരാളമായി എത്തുന്ന പൂവാർ പൊഴിക്കര മാലിന്യത്താൽ അകപ്പെട്ടിരിക്കുകയാണ്.
പൊഴിക്കര തീരമാകെ പ്ലാസ്റ്റിക്ക്, ഇലക്ട്രിക് വയറുകൾ, ബാറ്ററികൾ, മൊബൈൽ, ടി.വി, റേഡിയോ, സി.ഡി അവശിഷ്ടങ്ങൾ, ചാക്കുകൾ, തുണികൾ, പാഴ്വസ്തുക്കൾ എന്നിവ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിനു പുറമെ ഭക്ഷണ അവശിഷ്ടങ്ങളും, അറവ് മാലിന്യങ്ങളും അസഹ്യമായ ദുർഗന്ധം പരത്തുന്നു. ആളുകൾ മൂക്കുപൊത്തിയാണ് മണൽപ്പരപ്പിലൂടെ നടക്കുന്നത്. തെരുവ് നായ്ക്കളുടെ ശല്യം വേറെയും. ടൂറിസ്റ്റുകളും കച്ചവടക്കാരും ഉപേക്ഷിക്കുന്ന മാലിന്യങ്ങൾക്ക് പുറമെ വൻകിട ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും അവശിഷ്ടങ്ങൾ കുമിഞ്ഞുകൂടുന്നതും പതിവാണ്. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് യാതൊരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ലെന്ന് സന്ദർശകർ പറയുന്നു. മാലിന്യം കൂടുന്നത് പരിസ്ഥിതി ആഘാതങ്ങൾക്കും മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കുമെന്നും പഠനങ്ങൾ പറയുന്നു.
ആരോഗ്യത്തിന് വെല്ലുവിളി
പൊഴിമുഖങ്ങൾ വഴിയാണ് കടലിൽ കൂടുതൽ മാലിന്യങ്ങളും എത്തുന്നത്. അതേസമയം കടലിന് ആവശ്യമായ ന്യൂട്രിയൻസ്
ലഭിക്കുന്നതും പൊഴികൾ മുഖേനയാണ്. മെഡിക്കൽ വേസ്റ്റും, ഇ-വേസ്റ്റും, മൈക്രോ പ്ലാസ്റ്റിക്കും കടലിൽ എത്തുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. മണ്ണിൽ ലയിക്കാത്ത മാലിന്യങ്ങൾ ചാക്കുകളിൽ കെട്ടിയാണ് വലിച്ചെറിയുന്നത്.
കാറ്റിൽപ്പറത്തി പദ്ധതികൾ
രാത്രിയിൽ വാഹനങ്ങളിൽ കൊണ്ടുവന്ന് തള്ളുന്ന മാലിന്യങ്ങൾക്ക് കണക്കില്ല. തീരത്തെ ആളൊഴിഞ്ഞ സ്ഥലം നോക്കി, കടലിലേക്ക് വലിച്ചെറിയുന്നത് പതിവാണ്. ഇവ തിരയടിച്ച് വീണ്ടും കരയിലടിയുന്നു. പൊതുജനങ്ങൾ പരാതി നൽകിയതോടെ ജൈവ,അജൈവ മാലിന്യങ്ങൾ സംസ്‌കരിക്കാൻ പഞ്ചായത്ത് പല പദ്ധതികളും നടപ്പാക്കി.എന്നാൽ ഒന്നും വിജയം കണ്ടില്ല. ഗ്രീൻ ക്ലീൻ പദ്ധതി, ഹരിത കേരള മിഷൻ ഒന്നും പൊഴിക്കരയിൽ ഫലപ്രദമായില്ല.
പൂവാർ പൊഴിക്കരയിൽ മാലിന്യ നിർമ്മാർജനത്തിന് സ്ഥിരം സംവിധാനം വേണം.
ബി.എസ്.സുരേഷ് കുമാർ
ദേശീയ പരിസ്ഥിതി പ്രവർത്തകൻ
ഫോട്ടോ: പൂവാർ പൊഴിക്കരയിലെ മാലിന്യ കൂമ്പാരം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |