
കൊച്ചി: വോട്ട് ചെയ്യാനും ചെയ്യിക്കാനും വോട്ടർമാരെ പ്രേരിപ്പിച്ച് ബൂത്തിലെത്തിക്കാനുമുള്ള തയ്യാറെടുപ്പിലാണ് പ്രവർത്തകരും പാർട്ടികളും. ആവേശമെല്ലാം നല്ലതാണ്. പക്ഷേ, അതിർവരമ്പ് കാക്കാൻ പൊലീസ് സുസജ്ജമാണെന്ന് ഓർത്താൽ നന്ന്. വോട്ടെടുപ്പ് ദിനത്തിൽ നാടിന്റെ നാനാഭാഗത്തും പഴുതടച്ച സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്.
കൊച്ചി സിറ്റിയിൽ കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന്റെയും എറണാകുളം റൂറലിൽ എസ്.പി. കെ.എസ്. സുദർശന്റെയും നേതൃത്വത്തിൽ വിപുലമായ സേനയെയാണ് വിന്യസിച്ചത്. റൂറൽ പരിധിയിലുള്ള 1,989 ബൂത്തുകളിൽ മൂവായിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷയ്ക്കായുണ്ട്. ഇതിൽ തമിഴ്‌നാട് പൊലീസും കേന്ദ്രസേനയിൽ നിന്നുള്ള മുന്നൂറിലധികം ഉദ്യോഗസ്ഥരുമുണ്ട്. കൂടാതെ 1,852 സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരും രംഗത്തുണ്ട്. കുറുപ്പംപടി സ്റ്റേഷൻ പരിധിയിലെ പൊങ്ങൻചുവട്, കുട്ടംപുഴ സ്റ്റേഷൻ പരിധിയിലെ തലവച്ചപ്പാറ, കുഞ്ഞിപ്പാറ, തേറകുടി, താളുംകണ്ടം, വാരിയം എന്നീ ആദിവാസി ഉന്നതികളിലെ ബൂത്തുകളിലാണിത്. പ്രത്യേക വാർത്താവിനിമയ സംവിധാനങ്ങൾ ഉൾപ്പെടെ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
സിറ്റിയിൽ 2500ലധികം പൊലീസ്
കൊച്ചി സിറ്റിയിൽ 2,500ലധികം പൊലീസുകാരെയാണ് വിന്യസിച്ചത്. ഐ.ടി.ബി.പി, എക്‌സൈസ്, സി.ആർ.പി.എഫ്, ആംഡ് പൊലീസ് എന്നിവരെയാണ് കൊച്ചി സിറ്റിയിൽ വിന്യസിച്ചത്. തിരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ നൂറിലധികം ഗ്രൂപ്പ് പട്രോളിംഗ് സംഘങ്ങളുമുണ്ട്. ഓരോ സംഘത്തിനൊപ്പവും ദൃശ്യങ്ങൾ ചിത്രീകരിക്കാൻ പ്രത്യേക ക്യാമറ ടീമും സജ്ജം. എല്ലാ സ്റ്റേഷൻ പരിധിയിലും ക്യു.ആർ.ടി ടീമുകളും ലാ ആൻഡ് ഓർഡർ പട്രോളിംഗ് സംഘങ്ങളുമുണ്ടായിരിക്കും.
അതീവപ്രശ്‌ന സാദ്ധ്യതയുള്ള 'എ" വിഭാഗത്തിലെ ബൂത്തുകളിൽ നാല് വീതം കേന്ദ്രസേനാംഗങ്ങളും അതിനുതാഴെയുള്ള ബി വിഭാഗം ബൂത്തുകളിൽ രണ്ടുവീതം സേനാംഗങ്ങളെയുമാണ് നിയോഗിച്ചിട്ടുള്ളത്. ഇവിടെ അധികം പൊലീസുമുണ്ടാകും.
റൂറൽ പരിധിയിൽ സുരക്ഷയ്ക്കായി 3000ലധികം പൊലീസുകാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |