
ആറ്റിങ്ങൽ: ആറ്റിങ്ങലിലെ സ്വകാര്യ ഗ്യാസ് ഏജൻസിയുടെ ഗോഡൗണിൽ നിന്ന് പൊതുമേഖല സ്ഥാപനമായ ഭാരത് ഗ്യാസിന്റെയും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും 600 ലധികം വാണിജ്യ, ഗാർഹിക സിലിണ്ടറുകൾ പിടികൂടി. ആലംകോടിന് സമീപം പട്ട്‌ലയിലെ വിനോദ് ഗ്യാസ് ഏജൻസിയുടെ ഗോഡൗണിൽ സിവിൽ സപ്ലൈസ് എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ കണ്ടെത്തിയത്. സ്വകാര്യ ഗ്യാസ് വിതരണ കമ്പനിയായ സൂപ്പർ ഗ്യാസിന്റെ ഏജൻസി ഗോഡൗണിൽ പൊതുമേഖല സ്ഥാപനങ്ങളുടെ സിലിണ്ടറിൽ ഗ്യാസ് നിറച്ചു നൽകുന്നതായി സിവിൽ സപ്ലൈസ് എൻഫോഴ്സ്മെന്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് 2ഓടെ പരിശോധന നടത്തിയത്. 500ലധികം വാണിജ്യ സിലിണ്ടറുകളും, 145 ചോട്ടു സിലിണ്ടറും, 20 ഗാർഹിക സിലിണ്ടറും കണ്ടെത്തി. എന്നാൽ ഗ്യാസ് നിറയ്ക്കുന്ന സംവിധാനങ്ങൾ കണ്ടെത്തിയില്ലെന്നും പിടിച്ചെടുത്തവയെല്ലാം ഒഴിഞ്ഞതാണെന്ന് പരിശോധനയിൽ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. പൊതുമേഖല സ്ഥാപനങ്ങളുടെ ഗ്യാസ് സിലിണ്ടറുകൾ എത്തിയതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തും. പിടിച്ചെടുത്ത സിലിണ്ടറുകൾ സമീപത്തെ അതത് ഏജൻസികളുടെ ഗോഡൗണിലേക്ക് മാറ്റിയശേഷം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമന്ന് എൻഫോഴ്സ്മെന്റ് ഡിവൈ.എസ്. പി ഗോപകുമാർ പറഞ്ഞു. റവന്യൂ ഇൻസ്പെക്ടർ സഞ്ജു ലോറൻസ്,സന്തോഷ് കുമാർ, ഡ്രൈവർ അനീഷ്,താലൂക്ക് ഓഫീസ് ജീവനക്കാരും പരിശോധനയിൽ പങ്കെടുത്തു. എന്നാൽ ഹോട്ടൽ മേഖലയിൽ ഗ്യാസ് ക്ഷാമം വന്നപ്പോൾ സ്വകാര്യ ഗ്യാസായ സൂപ്പർ ഗ്യാസ് വിതരണം ചെയ്യുകയും, കൊടുത്ത സിലിണ്ടറിന് പകരം അവിടെയുണ്ടായിരുന്ന സിലിണ്ടർ ശേഖരിക്കുക മാത്രമാണ് ചെയ്തതെന്നും ഗ്യാസ് ഏജൻസി ഉടമ വിനോദ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |