
ചെങ്ങന്നൂർ : പുലിയൂർ പടിഞ്ഞാറേ പറമ്പിൽ ബിൻസ് ഭവനിൽ യേശുദാസിന്റെ (70) മരണത്തിലെ ദുരൂഹത ഒഴിയുന്നില്ല. അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് മരുമകൾ ലീന ബിൻസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സ്വത്ത് തട്ടിയെടുക്കാൻ ബോധപൂർവമായ ശ്രമം നടന്നുവെന്ന ആരോപണത്തിന് ബലം നൽകുന്ന പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ മാർച്ച് 20ന് രാവിലെ ഹോം നഴ്സ് നൽകിയ കേക്ക് കഴിച്ചതിനെത്തുടർന്ന് യേശുദാസ് ബോധരഹിതനായതായും തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചതായും പരാതിയിൽ പറയുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സഹോദരൻ ഗബ്രിയേൽ മാമൻ മരണശേഷം മൃതദേഹം സംസ്കരിക്കാൻ കാണിച്ച തിടുക്കം സംശയത്തിനിടയാക്കുന്നതായി ലീന ആരോപിക്കുന്നു. 24ന് ആയിരുന്നു സംസ്കാരം.
സ്വത്ത് തട്ടിയെടുക്കാനോ ?
യേശുദാസിന്റെ മകൻ ബിൻസ് 2017ൽ മരിച്ചതിനെ തുടർന്ന് മകൾ ബിൻസിയും മരുമകളും മക്കളുമാണ് നിയമപരമായ അവകാശികൾ. എന്നാൽ, അവകാശികളെ മറികടന്ന് യേശുദാസിന്റെ ബാങ്ക് അക്കൗണ്ടുകൾ, എ ടി എം കാർഡുകൾ, മൊബൈൽ ഫോണുകൾ എന്നിവ സഹോദരനും ഹോം നഴ്സും ചേർന്ന് കൈക്കലാക്കിയെന്നാണ് പരാതി. തന്റെ അദ്ധ്വാനഫലം കൂടിയായ സ്വത്തുവകകൾ യേശുദാസിന്റെ സഹോദരൻ ഗബ്രിയേൽ മാമൻ അനധികൃതമായി സ്വന്തമാക്കി ഇടപാടുകൾ നടത്തിയതായും ലീന ആരോപിക്കുന്നു. യേശുദാസിന് അൽഷിമേഴ്സ് ഉണ്ടായിരുന്നുവെന്നും ഇത് മുതലെടുത്താണ് സ്വത്ത് തട്ടിയെടുത്തതെന്നും പരാതിയിലുണ്ട്.
നിർണായകം ഡയറിക്കുറിപ്പുകൾ
കൊച്ചുമക്കൾക്കായി സ്വത്തുക്കൾ എഴുതിവച്ച ഡയറിക്കുറിപ്പുകൾ യേശുദാസ് സൂക്ഷിച്ചിരുന്നതായി ലീന വ്യക്തമാക്കി. എന്നാൽ, യേശുദാസിന്റെ പേരിലുണ്ടായിരുന്ന സ്വത്തുക്കൾ സഹോദരന്റെ പേരിലേക്ക് മാറ്റിയതായി ലഭിച്ച വിവരങ്ങൾ സംശയം വർദ്ധിപ്പിക്കുന്നു. സംസ്കാരദിവസം മകളെയും മരുമകളെയും കൊച്ചുമക്കളെയും വീട്ടിൽ നിന്ന് പുറത്താക്കിയതായും പരാതിയിലുണ്ട്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി മരണകാരണം വ്യക്തമാക്കണമെന്ന ആവശ്യം കുടുംബം ഉന്നയിച്ചിട്ടുണ്ട്.
പൊലീസിന് പുറമെ ആർ.ഡി.ഒയ്ക്കും മന്ത്രി സജി ചെറിയാനും പരാതി നൽകിയിട്ടുണ്ട്.
പുലിയൂർ ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിച്ച യേശുദാസിന്റെ മൃതദേഹം,
മരുമകളുടെ പരാതിയെ തുടർന്ന് 21ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |