
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ നീണ്ട ക്യൂവിൽ മണിക്കൂറുകളോളം ചികിത്സ കാത്തുനിൽക്കുന്നതിന് പരിഹാരം വേണമെന്ന ആവശ്യം ശക്തമാകുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുന്ന രോഗികൾ പുലർച്ചെ 5മണി മുതൽ ക്യൂവിൽ സ്ഥാനം പിടിക്കുന്നത് ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. കൂട്ടിരുപ്പുകാരും രോഗികളുമായി ധാരാളം പേരാണ് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ രാവിലെ മുതൽ വന്നെത്തുന്നത്. കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാരും ചികിത്സയ്ക്കായി മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ട അവസ്ഥയാണ്.
നിലവിൽ ക്യൂ നിന്ന് ഒ.പി ടിക്കറ്റ് എടുത്ത ശേഷം ഡോക്ടറെ കാണാൻ ക്ഷണിക്കുന്നത് ഡിജിറ്റൽ സംവിധാനം വഴിയാണ്. ഒ.പി ടിക്കറ്റ് വിതരണവും ഡിജിറ്റൽ സംവിധാനത്തിലൂടെ നടപ്പാക്കിയാൽ നീണ്ട കാത്തുനിൽപ്പിന് പരിഹാരമാകും.
ഡിജിറ്റൽ ടോക്കൺ സംവിധാനം ഗുണകരമാകും
രാവിലെയെത്തുന്ന രോഗികൾക്ക് ഡിജിറ്റൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തിയാൽ ക്യൂ നിൽക്കേണ്ട ഗതികേട് ഉണ്ടാകില്ല. ഡിജിറ്റൽ ടോക്കൺ സീനിയോരിറ്റി മുറയ്ക്ക് എടുത്തശേഷം കസേരകളിൽ വിശ്രമിക്കാൻ കഴിയും. ചികിത്സയ്ക്ക് വിളിക്കുമ്പോൾ പോകാൻ ഡിജിറ്റൽ ടോക്കൺ വളരെ സഹായകരമാണ്.
മരുന്നുകൾ ലഭ്യമല്ല
രോഗികൾക്ക് അത്യാവശ്യം വിലകുറഞ്ഞ താത്കാലിക രക്ഷാമരുന്നുകളല്ലാതെ വിലപിടിപ്പുള്ള ജീവൻരക്ഷാ മരുന്നുകൾ ലഭ്യമല്ല. ഡയാലിസിസിനുപോലും രോഗികൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് സീനിയോരിറ്റി കണക്കാക്കി വല്ലപ്പോഴും മാത്രമേ സൗജന്യ ഡയാലിസിസ് ലഭ്യമാക്കാറുള്ളൂ.
ഇൻസിലേറ്റർ ഉണ്ടെങ്കിലും ഇപ്പോഴും പ്ളാസ്ടിക് ഉൾപ്പെടെയുള്ള സാധനങ്ങൾ ആശുപത്രി പരിസരത്ത് കൂട്ടിയിട്ട് കത്തിക്കുകയാണ് പതിവ്. ആശുപത്രിക്കുള്ളിൽ പ്ലാസ്ടിക് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ഇവ ആശുപത്രിക്കുള്ളിൽ കൊണ്ടുവരുന്നതിന് യാതൊരുവിധ നിയന്ത്രണവുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |