SignIn
Kerala Kaumudi Online
Monday, 11 May 2026 1.09 PM IST

മലേറിയ കേസുകൾ വർദ്ധിക്കുന്നു; ഈ വർഷം ബാധിച്ചത് 12 പേർക്ക്

Increase Font Size Decrease Font Size Print Page

മലപ്പുറം: ജില്ലയിൽ മലേറിയക്കെതിരെ ബോധവത്ക്കരണം നടക്കുമ്പോഴും കേസുകളുടെ എണ്ണത്തിൽ വർദ്ധനവ്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ മലേറിയ ബാധിച്ചത് 12 പേർക്കാണ്. ആറ് വർഷത്തിനിടെ 272 പേർക്കാണ് മലേറിയ ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. 2021 മുതലാണ് മലേറിയ ബാധിച്ചവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത്. ഈ മാസം ജനുവരി-ഒന്ന്, ഫെബ്രുവരി--അഞ്ച്, മാർച്ച്-ഒന്ന്, ഏപ്രിൽ-അഞ്ച് കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തത്. 2025ൽ റിപ്പോർട്ട് ചെയ്ത 74 കേസുകളിൽ 71 എണ്ണവും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർക്കായിരുന്നു. 2020ൽ 27 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2021ൽ 25 ആയി കുറഞ്ഞു. 2022-38, 2023-39, 2024-57 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.

ഓരോ തദ്ദേശ സ്ഥാപന പരിധിയിലുമുള്ള 10 ശതമാനം ആളുകളെ എല്ലാ വർഷവും പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. കഴിഞ്ഞ വർഷം അഞ്ച് ലക്ഷത്തോളം പേരെയാണ് ഇത്തരത്തിൽ പരിശോധിച്ചത്. മൊബൈൽ ഇമിഗ്രന്റ് സ്‌ക്രീനിംഗ് സംഘത്തിന്റെ നേതൃത്വത്തിൽ അതിഥിത്തൊഴിലാളികൾക്കിടയിൽ പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ട്.

രോഗബാധിതർ വർദ്ധിക്കും


ജൂൺ, ജൂലായ് മാസങ്ങളിൽ രോഗ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവുമെന്ന് ജില്ലാ മലേറിയ ഓഫീസർ ഡോ.കെ.പ്രദീപ് പറയുന്നു. ജാർഖണ്ഡ്, ബീഹാർ, ഒഡീഷ, പശ്ചിമബംഗാൾ, അസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരിലാണ് രോഗം കൂടുതലായും കണ്ടുവരുന്നത്. ഇവരിൽ വലിയൊരു വിഭാഗവും വോട്ട് ചെയ്യാനായി നാട്ടിൽ പോയതാണ്. ഇവർ മടങ്ങിയെത്തുന്നതോടെ രോഗം വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. രോഗം പടരുന്നത് തടയാൻ അതിഥി തൊഴിലാളികൾക്കായി പ്രത്യേക രക്തപരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്.

പരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക, പനി വന്നാൽ ഉടൻ തന്നെ ആരോഗ്യ കേന്ദ്രത്തിൽ പരിശോധന നടത്തുക എന്നിവയാണ് പ്രധാന പ്രതിരോധ പ്രവർത്തനങ്ങൾ. വിറയലോട് കൂടിയ പനി, കുളിര്, തലവേദന, ശരീര വേദന, ക്ഷീണം, മനം പിരട്ടൽ, ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ഈ വർഷം മലേറിയ ബാധിച്ചവർ - 12

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL