
കേളകം: കേളകം പഞ്ചായത്ത് അടക്കാത്തോട് മോസ്‌കോയിൽ വന്യജീവി വളർത്തു നായയെ ആക്രമിച്ചു കൊന്നു. ഉപ്പുകുന്നേൽ സാബുവിന്റെ വളർത്തു നായയെയാണ് വന്യജീവി കൊന്നു ഭക്ഷിച്ചത്. ഇന്നലെ രാവിലെ നോക്കുമ്പോൾ ചങ്ങലയിൽ കെട്ടിയിട്ടിരുന്ന പട്ടിയെ കൂട്ടിൽ കണ്ടില്ലെന്നും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പകുതി ഭക്ഷിച്ച നിലയിൽ അല്പം അകലെ കണ്ടെത്തിയതായി സാബു പറഞ്ഞു. രാത്രിയിൽ യാതൊരു ശബ്ദവും കേട്ടില്ലെന്നും ഇന്നലെ പുർലർച്ചെയാണ് സംഭവം നടന്നതെന്ന് കരുതുന്നതായും വീട്ടുകാർ പറയുന്നു. നായയുടെ നടുഭാഗം പൂർണമായും ഭക്ഷിച്ച നിലയിലാണ്.
സംഭവത്തെത്തുടർന്ന് മണത്തണ സെക്ഷന് കീഴിലെ വനപാലകർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പുലിയാണ് നായയെ ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് കാമറ സ്ഥാപിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് വനപാലകർ അറിയിച്ചു.
അടക്കാത്തോട് മോസ്‌കോയിൽ വളർത്തു നായയെ പുലി പിടിച്ച സംഭവം ഡി.എഫ്.ഒയെ അറിയിച്ചതായും കാമറ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുമെന്നും പുലിയുടെ ദൃശ്യം പതിഞ്ഞാൽ കൂടു സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് പറഞ്ഞു. കാടുപിടിച്ച് കിടക്കുന്ന സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങൾ ഭീതി പരത്തുന്നുണ്ട്. അടിയന്തരമായി കാട് വെട്ടിത്തെളിക്കണമെന്നും അല്ലാത്തപക്ഷം പഞ്ചായത്ത് നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |