
അമ്പലപ്പുഴ : സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരുടെ വിയോഗത്തോടെ അമ്പലപ്പുഴയ്ക്ക് നഷ്ടമായത് ആദ്ധ്യാത്മികരംഗത്തെ നിറസാന്നിദ്ധ്യം. രണ്ടു പതിറ്റാണ്ടിലേറെ (21വർഷം) സമൂഹ പെരിയോനായി അമ്പലപ്പുഴ പേട്ട സംഘത്തെ നയിച്ച അപൂർവ്വനേട്ടത്തിനുടമയായ ചന്ദ്രശേഖരൻ നായർ അദ്ധ്യാപകനായി കരുവാറ്റ എസ്.കെ.വി എൻ.എസ്.എസ് സ്കൂളിൽ നിന്ന് 1996 ൽ വിരമിച്ച ശേഷമാണ് ആദ്ധ്യാത്മിക ജീവിതത്തിലേക്ക് കടന്നത്.
18 വയസു മുതൽ അമ്പലപ്പുഴ സംഘത്തോടൊപ്പം ശബരിമല ദർശനം നടത്തിയിരുന്ന ചന്ദ്രശേഖരൻ നായർ 1999 മുതലാണ് സമൂഹപ്പെരിയോനായി ചുമതലയേറ്റെടുത്തത്. 2020ൽ ശാരീരിക വിഷമതകളെത്തുടർന്ന് സ്വയം സ്ഥാനമൊഴിഞ്ഞു. സമൂഹപ്പെരിയോനായി ചുമതല ഏറ്റെടുത്ത ശേഷം 2020 വരെ എല്ലാ മലയാള മാസവും ഒന്നാം തീയതി ശബരിമല ദർശനം നടത്തുമായിരുന്നു. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അയ്യപ്പ സംഗമങ്ങളിലും പങ്കെടുത്തിരുന്നു. അയ്യപ്പഭക്ത സംഘം എന്ന പേരിൽ രജിസ്റ്റർ ചെയ്ത സംഘടനയുടെ ആവിർഭാവത്തിനുള്ള പ്രവർത്തനങ്ങളിൽ കളത്തിൽ ചന്ദ്രശേഖരൻനായർ മുഖ്യപങ്കാണ് വഹിച്ചിട്ടുള്ളത്. ഭക്ഷണം പാചകം ചെയ്യുന്നതിനും മറ്റുമുള്ള സൗകര്യത്തിനായി ചെറുസംഘങ്ങളായി തീർത്ഥാടനം നടത്തിയിരുന്ന രീതിക്ക് പകരം എല്ലാവരെയും ഏകോപിപ്പിച്ച് ഒറ്റ സംഘം ആക്കി തീർത്ഥാടനം ക്രമീകരിക്കുന്നതിൽ അദ്ദേഹം മുൻകൈയെടുത്തിരുന്നു.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി ,അയ്യപ്പ ഭക്തസംഘം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. എരുമേലിവാവരുപള്ളിയിലെ പ്രതിനിധികളുമായി വലിയ ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്നു. 2017ൽ ചന്ദ്രശേഖരൻ നായരുടെ ശതാഭിഷേകവും 2022 ൽ നവതി ആഘോഷവും വിപുലമായാണ് അമ്പലപ്പുഴക്കാർ നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |