SignIn
Kerala Kaumudi Online
Thursday, 14 May 2026 10.59 AM IST

'വിദേശ കോച്ചിന് വേണ്ടി എന്നെ മാറ്റി'

s
Sree

ഹോക്കി ഇന്ത്യയ്‌ക്കെതിരെ ഇതിഹാസ താരം പി.ആർ ശ്രീജേഷ്

ശ്രീജേഷിനെ പുറത്താക്കിയിട്ടില്ലെന്ന് ഹോക്കി ഇന്ത്യ

കരാർ കാലാവധി അവസാനിച്ചതാണെന്ന് വിശദീകരണം

ന്യൂഡൽഹി: ഹോക്കി ഇന്ത്യയ്‌ക്കെതിരെ പരസ്യമായി പൊട്ടിത്തെറിച്ച് ഇതിഹാസ ഗോൾ കീപ്പറും ദേശീയ ജൂനിയർ പുരുഷ ടീമിന്റെ പ്രധാന പരിശീലകനുമായിരുന്ന പി.ആർ ശ്രീജേഷ്. രാജ്യത്തെ ഹോക്കി ഭരണസമിതിയായ ഹോക്കി ഇന്ത്യയുടെ തലപ്പത്തിരിക്കുന്നവർ വിദേശ പരിശീലകനെ കൊണ്ടുവരാൻ മികച്ച റിസൾട്ടുണ്ടാക്കിയിട്ടും തന്നെ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയെന്ന് ശ്രീജേഷ് സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടിലൂടെ തുറന്നടിച്ചു. ഇന്ത്യൻ സീനിയർ ടീമിന്റെ ചീഫ് കോച്ച് ക്രെയിഗ് ഫുൾട്ടൺന്റെ നിർദ്ദേശ പ്രകാരമാണ് തന്നെ മാറ്റിയതെന്നും ശ്രീജേഷ് ആരോപിച്ചു.

എന്നാൽ ശ്രീജേഷിനെ പുറത്താക്കിയിട്ടില്ലെന്ന് ഹോക്കി ഇന്ത്യ അധികൃതർ വ്യക്തമാക്കി. ദേശീയ ജൂനിയർ ഹോക്കി ടീമന്റെ പരിശീലകനായുള്ള ശ്രീജേഷിന്റെ കരാർ കാലാവധി 2025 ഡിസംബർ വരെയായിരുന്നു. ഈ കാലാവധി കഴിഞ്ഞതോടെ സ്വാഭവികമായി ശ്രീജേഷിന് പരിശീലക സ്ഥാനം നഷ്ടമായതാണെന്ന് ഹോക്കി ഫെഡറേഷൻ അറിയിച്ചു.

രണ്ട് ഒളിമ്പിക്സ് മെഡലുകൾ നേടിയിട്ടുള്ള ഇതിഹാസ സമാന കരിയർ അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ശ്രീജേഷിന്റെ ശിക്ഷണത്തിൽ പങ്കെടുത്ത അഞ്ച് പ്രധാന ടൂർണമെന്റുകളിലും ഹോക്കി ലോകകപ്പിലെ വെങ്കലം ഉൾപ്പെടെ മെഡൽ പോഡിയത്തിലേറാൻ ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിനായിരുന്നു,

ശ്രീജേഷ് എക്‌സിൽ എഴുതിയതിൽ നിന്നും

ഹോക്കി ലോകകപ്പിലെ വെങ്കലം ഉൾപ്പെടെ ജൂനിയർ ഹോക്കി ടീം 5 പോഡിയം ഫിനിഷുകൾ നടത്തിയിട്ടും ഒന്നര വർഷത്തിന് ശേഷം എന്റെ കോച്ചിംഗ് കരിയർ അവസാനിക്കുകയാണ്.

പ്രകടനത്തിന്റെ പേരിൽ കോച്ചുമാരെ പുറത്താക്കിയതായി ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ വിദേശകോച്ചിന് വേണ്ടി ഒരാളെ പുറത്താക്കുന്നത് ഞാൻ ഇതാദ്യമായി നേരിട്ട് അനുഭവിക്കുകയാണ്. ജൂനിയർ ടീമിനെ പരിശീലിപ്പിക്കാൻ വിദേശ കോച്ച് വേണമെന്ന് സീനിയർ പുരുഷ ടീമിന്റെ കോച്ച് പറഞ്ഞതായാണ് ഹോക്കി ഇന്ത്യയുടെ പ്രസിഡന്റ് അറിയിച്ചത്. ജൂനിയർ തലം മുതൽ സീനിയർ തലം വരെ അതിന്റെ മെച്ചമുണ്ടാകുമെന്നും അതുകൊണ്ട് വിദേശ കോച്ചിനെ പരിഗണിക്കാനാണ് തീരുമാനമെന്നും വിശദീകരിച്ചു.

അതെന്താ ഇന്ത്യൻ കോച്ചുമാർക്ക് ഇന്ത്യൻ ഹോക്കിയെ വളർത്താനാകില്ലേ.

7032026ൽ കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ടവ്യയുമായി നടത്തിയ കൂടിക്കാഴ്ചയിൽ 2036ലേക്കുള്ല ടീമിനെ വാർത്തെടുക്കാൻ

നിങ്ങളെപ്പോലെയുള്ള പരിശീലകരെയാണ് രാജ്യത്തിനാവശ്യമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു.

എന്തായാലും ഹോക്കി ഇന്ത്യയ്ക്ക് വിദേശ പരിശീലകരെയാണ് ഇന്ത്യക്കാരെക്കാൾ വിശ്വാസം. നാല് ടീമിലും വിദേശ പരിശീലകരെ കൊണ്ടുവരാനാണ് അവരുടെ ശ്രമം.

ഹോക്കി ഇന്ത്യ പറയുന്നത്

ശ്രീജേഷിനെ പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ കാലാവധി കരാർ പ്രകാരം ഔദ്യോഗികമായി 2025 ഡിസംബറിൽ അവസാനിച്ചുവെന്നും ഹോക്കി ഇന്ത്യ പറഞ്ഞു. ഇതിന് ശേഷം പ്രോട്ടോക്കോൾ പ്രകാരം ജൂനിയർ ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് പരസ്യം നൽകുകയും ശരിയായ സെലക്ഷൻ പ്രക്രിയകൾ പാലിച്ച് അപേക്ഷ അയച്ചവരിൽ നിന്ന് അർഹരായവരെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയുും ചെയ്തു. യോഗ്യതകൾ പരിശോധിച്ച് പുതിയ പരിശീലകനെ തിരഞ്ഞെടുത്തെന്നും ഉടൻ പ്രഖ്യാപിക്കുമെന്നും ഹോക്കി ഇന്ത്യ അറിയിച്ചു.

ശ്രീജേഷിന്റെ കീഴിൽ ജൂനിയർ ടീം

  • ജൂനിയർ ഏഷ്യ കപ്പ് (2024): സ്വർണ്ണ മെഡൽ.
  • ജൂനിയർ ലോകകപ്പ്: വെങ്കല മെഡൽ.
  • സുൽത്താൻ ഓഫ് ജോഹർ കപ്പ്: 2024-ൽ വെങ്കലവും 2025-ൽ വെള്ളിയും.
Add as a preferred source on Google
TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360