പൊന്നാനി: ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പേ ഗതാഗത നിയമ ലംഘനം, അമിത വേഗത തുടങ്ങി നിരവധി കാരണങ്ങളാൽ ആറുവരി ദേശീയപാത കുരുതിക്കളമായി മാറുന്നു. ദേശീയപാതയുടെ വികസനത്തോടെ യാത്രാസമയം കുറഞ്ഞെങ്കിലും അപകടങ്ങൾക്ക് കുറവില്ല. രാത്രി സമയങ്ങളിൽ ഇരുചക്ര വാഹനാപകടങ്ങളാണ് ഇവിടെ കൂടുതലായി നടക്കുന്നത്. പലപ്പോഴും നോ എൻട്രി വഴിയിലൂടെപ്പോലും വലിയ വാഹനങ്ങൾ കടന്നു പോവാറുണ്ട്.
കഴിഞ്ഞ ദിവസം കുറ്റിപ്പുറം പുതിയ പാലത്തിന്റെ ഭാഗത്ത് അറ്റകുറ്റപ്പണി നടക്കുന്ന ഘട്ടത്തിൽ പല വാഹനങ്ങളും അയങ്കലം എത്തുന്നതിന് മുമ്പുള്ള നോ എൻട്രി വഴിയാണ് ആറുവരി പാതയിലേക്ക് കടന്നിരുന്നത്. ഇത് അതിവേഗത്തിൽ പാതയിലൂടെ കടന്നുപോയിരുന്ന പല വാഹനങ്ങൾക്കും വലിയ ഭീഷണി ഉയർത്തിയിരുന്നു. ചില സ്‌കൂൾ ബസ്സുകൾ വിദ്യാർത്ഥികളുമായി ആറുവരി പാതയിലെ നോ എക്സിറ്റ് ഭാഗത്ത് കൂടി പുറത്തിറങ്ങുന്നതും വിപരീത ദിശയിൽ വാഹനം ഓടിച്ച് പോകുന്നതും പതിവ് കാഴ്ചയാണ്. മാത്രമല്ല, നിലവിൽ കുറ്റിപ്പുറം മുതൽ ചമ്രവട്ടം ജംഗ്ഷൻ വരെയുള്ള സ്ഥലത്തിനിടയിൽ ഭാരവാഹനങ്ങൾ നിർത്തിയിടാൻ ഇരുഭാഗത്തും അയങ്കലത്ത് സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും പല വാഹനങ്ങളും ഇത് ഉപയോഗിക്കാതെ നരിപ്പറമ്പ് പന്തേപാലം ഭാഗത്തെ റോഡിന്റെ വശങ്ങളിലാണ് വാഹനം ഒതുക്കിയിടുന്നത്. ഇവിടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനധികൃത ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും സമീപത്തെ പാടശേഖരങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതും ലക്ഷ്യമിട്ടാണ് വലിയ ഗ്യാസ് കണ്ടൈനർ വാഹനങ്ങളടക്കം ഇവിടെ നിർത്തിയിടുന്നത്. എന്നാൽ ഇക്കാര്യം കൃത്യമായി ശ്രദ്ധയിൽപ്പെട്ടിട്ടും ഹൈവേ പൊലീസ് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആരോപണമാണ് പ്രദേശവാസികൾ ഉന്നയിക്കുന്നത്.
കാര്യക്ഷമമല്ല സി.സി.ടി.ടി.വിയും പരിശോധനയും
നേരത്തെ, നിരവധി തവണ പന്തേപാലം ഭാഗത്ത് വാഹനാപകടങ്ങൾ നടന്നതും ഇതേ കാരണം കൊണ്ടാണെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കൂടാതെ, അടുത്തിടെ കുറ്റിപ്പുറം ഭാഗത്ത് ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചത് കൃത്യമായ നിയമം പാലിക്കാത്ത രീതിയിൽ ഡ്രൈവിംഗ് നടത്തിയതിനാലാണ്. എന്നിട്ടും അധികൃതർ ആവശ്യമായ നടപടി സ്വീകരിച്ചിരുന്നില്ല. കൂടാതെ, ചില ഭാഗങ്ങളിൽ സി.സി.ടി.വി നിരീക്ഷണവും പൊലീസ് പരിശോധനയും പര്യാപ്തമല്ലെന്ന പരാതിയും ഉയരുന്നുണ്ട്. ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കാൻ കൂടുതൽ ക്യാമറകൾ സ്ഥാപിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |