SignIn
Kerala Kaumudi Online
Saturday, 16 May 2026 2.14 AM IST

നെൽകൃഷിയുടെ നടുവൊടിച്ച് രാസവളം വിലവർദ്ധന

ആലപ്പുഴ : രണ്ടാംകൃഷിയ്ക്കുള്ള ഒരുക്കങ്ങൾക്കിടെ രാസവളത്തിലെ വിലയിലുണ്ടായ വലിയ വർദ്ധനവ് കർഷകർക്ക് കടുത്ത ആഘാതമായി. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നാണ് ഫാക്ടംഫോസ്, പൊട്ടാഷ്, എൻ.പി.കെ 16:16:16, എൻ.പി.കെ 18:18:18 എന്നിവയുടെ വില കുതിച്ചുകയറിയത്. ഫാക്ടംഫോസിന് ചാക്കൊന്നിന് 50 രൂപ വർദ്ധിച്ചപ്പോൾ പൊട്ടാഷിന് 175 രൂപയും എൻ.പി.കെ 16:16:16ന് 400 രൂപയും എൻ.പി.കെ 18:18:18ന് 90 രൂപയുംവർദ്ധിച്ചു. യൂറിയയുടെ 45കിലോ ചാക്കിന് 267 രൂപയാണ് വില.

ഗൾഫിലെ ഇന്ധന പ്രതിസന്ധിയും പാചക വാതക നിയന്ത്രണവും വളം ഉൽപ്പാദനത്തെ ബാധിക്കും.

കേന്ദ്രം സബ്സിഡി വെട്ടിക്കുറച്ചതോടെ മൂന്നുവർഷത്തിനിടെ രാസവളങ്ങൾക്ക് നിരന്തരമുണ്ടായ വില വർദ്ധന കർഷകർക്ക് ഭാരിച്ച ബാദ്ധ്യതയായി മാറിയതിന് പിന്നാലെയാണ് രണ്ടാഴ്ചയ്ക്കകം വളങ്ങളുടെ വില വീണ്ടും വർദ്ധിച്ചത്. വില ഇനിയും ഉയരുമെന്നാണ് വിതരണക്കാരുടെ വെളിപ്പെടുത്തൽ.വേനൽ മഴയ്ക്കുപിന്നാലെയുണ്ടായ വിലവർധന കർഷകർക്ക് കനത്ത ആഘാതമായി.

പുഞ്ചകൃഷിയുടെ നെല്ലിന്റെ വില ലഭിക്കാതിരിക്കെ ജൂണിൽ വിത തുടങ്ങുകയും കാലവർഷം ശക്തമാകുകയും ചെയ്താൽ കുട്ടനാടുപോലുള്ള പ്രദേശങ്ങളിൽ വളത്തിന്റെ ലഭ്യതക്കുറവ് വലിയ പ്രതിസന്ധിയ്ക്ക് കാരണമാകും. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽസഹകരണ സംഘങ്ങളുടെ സഹായത്തോടെ ന്യായവിലയ്ക്ക് വളം ലഭ്യമാക്കാൻ സംവിധാനമില്ലാതെ വന്നാൽ കർഷകർ വൻചൂഷണത്തിന് വിധേയരാകും. കാലാവസ്ഥാ വ്യതിയാനത്തിനും കൂലി വർദ്ധനയ്ക്കും പിന്നാലെ രാസവള വില കൂടി വർദ്ധിച്ചതോടെ പലരും ഒന്നാംവിള ഉപേക്ഷിച്ചേക്കാവുന്ന സ്ഥിതിയാണുള്ളത്.

താങ്ങുവിലവർദ്ധന പ്രയോജനപ്പെടില്ല

 നെല്ലിന്റെ താങ്ങുവിലയിൽ ക്വിന്റലിന് 72 രൂപ കേന്ദ്രം വർദ്ധിപ്പിച്ചെങ്കിലും രാസവള വിലവർദ്ധനയോടെ ഇതിന്റെ ഒരുപ്രയോജനവും കർഷകർക്ക് ലഭിക്കില്ല

 കിലോയ്ക്ക് 30 രൂപയാണ് നെല്ലിന് ഇപ്പോൾ ലഭിക്കുന്നത്. കേന്ദ്രവിഹിതമായ 23.69രൂപയ്ക്ക് പുറമേ സംസ്ഥാനത്തിന്റെ കൈകാര്യ ചെലവായ 6.31രൂപയും സഹിതമാണിത്

 ഇപ്പോഴത്തെ വർദ്ധനവനുസരിച്ച് നെല്ലിന് കി.ഗ്രാമിന് 72 പൈസ കൂടി 30.72 രൂപ കിട്ടിയാലും വളത്തിന്റെ വില അടിയ്ക്കടി വർദ്ധിക്കുമ്പോൾ ഇതിന്റെ പ്രയോജനം ലഭിക്കില്ല

 ഉത്പാദന ചിലവ് വർദ്ധിച്ചത് പരിഗണിച്ച് നെല്ലിന് കിലോഗ്രാമിന് 40രൂപ എങ്കിലും ലഭിക്കണമെന്നാണ് കർഷകരുടെ ഇപ്പോഴത്തെ ആവശ്യം

വിവിധ ഇനം വളങ്ങളുടെ വില

(ഇനം, പഴയവില, ഇപ്പോഴത്തെവില (രൂപയിൽ))

 ഫാക്ടംഫോസ്..................................1475.................1525

 പൊട്ടാഷ് ) 50കിലോ ചാക്ക്).........1800................1975

എൻ.പി.കെ 16:16:16.......................1,650...............2,050
 എൻ.പി.കെ 18:18:18.....................1300................1,390

രാസവളം വിലവർദ്ധനയുടെ സാഹചര്യത്തിൽ താങ്ങുവിലവർദ്ധന പ്രയോജനം ചെയ്യില്ല. രാസവളം സബ്സിഡി പുനസ്ഥാപിക്കുകയോ നെല്ലിന്റെ വില കൂട്ടാനോ സർക്കാർ തയ്യാറാകണം

- വോയ്സ് ഓഫ് ഗ്രേറ്റർ കുട്ടനാട്, കർഷക കൂട്ടായ്മ, ആലപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL